6 മാസത്തിനിടെ ഇടുക്കി നെടുങ്കണ്ടത്ത് 12, 13 വയസ്സുകാരായ 2 വിദ്യാർഥികൾ ജീവനൊടുക്കിയതിൽ ദുരൂഹതയെന്ന് പൊലീസ്;Colour, better, wish, father, show, blue ഇംഗ്ലിഷ് വാക്കുകൾ കേന്ദ്രീകരിച്ച് അന്വേഷണം
നെടുങ്കണ്ടം ∙ 6 മാസത്തിനിടെ ഇടുക്കി നെടുങ്കണ്ടത്ത് 12, 13 വയസ്സുകാരായ 2 വിദ്യാർഥികൾ ജീവനൊടുക്കിയതിൽ ദുരൂഹതയെന്ന് പൊലീസ്. കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചത് മൊബൈൽ ഓൺലൈൻ ഗെയിമുകളെന്നാണ് സംശയം. മരണങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഗെയിമുകൾക്ക് കുട്ടികൾ അടിപ്പെട്ടിരുന്നതായുള്ള സംശയത്തെ തുടർന്ന് മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.
നെടുങ്കണ്ടം താലൂക്ക് ഓഫിസ് ജീവനക്കാരൻ ജോഷി-സുബിത ദമ്പതികളുടെ മകൻ അനന്തുവിനെ ഞായാറാഴ്ച വൈകിട്ടാണ് റവന്യു ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മാതാപിതാക്കൾ പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് അനന്തുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചുമരിലും നോട്ട് ബുക്കിലും രേഖപ്പെടുത്തിയ ഇംഗ്ലിഷ് വാക്കുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
ചുമരിൽ ചോക്കിനും നോട്ട് ബുക്കിൽ പേന ഉപയോഗിച്ചുമാണ് എഴുത്ത്. Colour, better, wish, father, show, blue എന്നീ ഇംഗ്ലിഷ് പദങ്ങളാണ് എഴുതിയത്. മരണത്തിന് മുൻപ് എഴുതിയതാവാമെന്നാണ് നിഗമനം. അനന്തു അമിതമായി മൊബൈൽ ഉപയോഗിച്ചിരുന്നതായി മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആ രീതിക്കും അന്വേഷണം നടത്തുന്നു. 6 മാസം മുൻപാണ് നെടുങ്കണ്ടത്ത് കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുങ്ങി വാഴവര സ്വദേശി ബിജു ഫിലിപ്പ്- സൗമ്യ ദമ്പതികളുടെ മകൻ പതിമൂന്നുകാരൻ ജെറോൾഡ് മരിച്ചത്. ആത്മഹത്യ തന്നെയെന്ന് പൊലീസ് കണ്ടെത്തൽ.