രണ്ട് വര്‍ഷത്തെ കാത്തിരിപ്പ്, മാറ്റാറായോ മാസ്‌ക്?; ആലോചന തുടങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം∙ കോവിഡ് കുറയുന്ന സാഹചര്യത്തിൽ മാസ്കുകൾ ഒഴിവാക്കുന്നതു സംബന്ധിച്ച് സർക്കാർ ആലോചന തുടങ്ങി. കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളോടും മറ്റ് ആരോഗ്യവിദഗ്ധരോടും സർക്കാർ അഭിപ്രായങ്ങൾ തേടി.
മാസ്ക് ഒഴിവാക്കുന്നതിൽ പ്രശ്നമില്ലെന്നാണ് വിദഗ്ധസമിതി നിർദേശിച്ചത്. മാസ്ക് നിർബന്ധമായി ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണം. താൽപര്യമുള്ളവർക്കു തുടർന്നും മാസ്ക് ധരിക്കാം. രോഗലക്ഷണങ്ങളുള്ളവർ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന നിർദേശം വയ്ക്കണമെന്നും വിദഗ്ധസമിതി സർക്കാരിനെ അറിയിച്ചു.
‘ രോഗം കുറയുന്ന സാഹചര്യത്തിൽ മാസ്ക് ഒഴിവാക്കണമെന്നാണ് സർക്കാർ തീരുമാനം. എന്നു മുതൽ ഒഴിവാക്കണമെന്ന് നിശ്ചയിച്ചിട്ടില്ല. ചർച്ചകൾ നടക്കുകയാണ്’–വിദഗ്ധസമിതി അംഗം മനോരമ ഓൺലൈനോട് പറഞ്ഞു. അതിതീവ്ര വ്യാപന സാധ്യതയുള്ള പ്രദേശങ്ങൾ, കടകൾ, ആളുകൾ, അപരിചിതരുമായി അടുത്തിടപഴകേണ്ടി വരുന്ന വിവാഹം, ഉത്സവം പോലെയുള്ള ആഘോഷങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ട് മറ്റിടങ്ങളിൽ ഒഴിവാക്കുന്നത് ആലോചനയിലുണ്ടെന്നും വിദഗ്ധ സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
കോവിഡിന്റെ പുതിയ തരംഗം ഉണ്ടാകാത്ത സാഹചര്യമാണെങ്കിൽ മാസ്കുകൾ ഒഴിവാക്കാവുന്നതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതരും പറയുന്നു. കോവിഡ് കേരളത്തിൽ റിപ്പോർട്ട് ചെയ്ത 2020ലാണ് പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറങ്ങിയത്. കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ വീടുകളിലും മാസ്ക് ഉപയോഗിക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. മാസ്ക് ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗമാണ്. ഇതിനുശേഷം ഉത്തരവിറക്കണം.
ഇന്നലെ 809 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,808 പേരാണ് ഇന്നലെ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരില്‍ 23,960 പേര്‍ വീട്–ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 848 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 101 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
English Summary : Covid cases decreasing, Kerala government starts discussion on removing masks