കൊന്നത്തടി ഗ്രാമപഞ്ചായത്തിന്റെ ടൂറിസം വെബ്സൈറ്റ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു
കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ ടൂറിസം വെബ്സൈറ്റിന്റെ ഉദ്ഘാടനവും ഹരിതകര്‍മ്മ സേനാ സേവനം നൂറ് ശതമാനം പൂര്‍ത്തികരിച്ചതിന്റെ പ്രഖ്യാപനവും നടത്തി. പണിക്കന്‍കുടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി ചടങ്ങില്‍ ടൂറിസം വെബ്സൈറ്റ് സ്വിച്ച് ഓണ്‍ ചെയ്ത് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.
ടൂറിസവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും അറിയാന്‍ കഴിയുന്ന ഒരു വലിയ സംരംഭത്തിനു തുടക്കം കുറിക്കാന്‍ കൊന്നത്തടി പഞ്ചായത്തിന് സാധിച്ചു എന്നുള്ളത് അഭിമാനകരമായ കാര്യമാണെന്നും ഇത്തരമൊരു കാര്യത്തിനു മുന്‍കൈയെടുത്ത പഞ്ചായത്തിനെയും വെബ്സൈറ്റ് രൂപീകരിച്ച ടീം അംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു. ഹരിതകര്‍മ്മ സേനാംഗങ്ങളെയും ചടങ്ങില്‍ അനുമോദിച്ചു. പാലക്കാട് പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കുവാന്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തിയ അഗ്നി രക്ഷാ സേനാ ഉദ്യോഗസ്ഥരുടെ സേവനത്തില്‍ അഭിമാനിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ വിശദമായ വിവരങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ട് പൈനാവ് എന്‍ജിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ടൂറിസം വെബ് സൈറ്റ് തയ്യാറാക്കിയത്. ചടങ്ങില്‍ പാലക്കാടില്‍ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കുവാന്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തിയ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരെ ആദരിച്ചു.
ഉദ്ഘാടന യോഗത്തില്‍ കൊന്നത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമ്യാ റെനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.പി മല്‍ക്ക, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോബി കുന്നക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.