കെഎസ്ആർടിസി നെടുങ്കണ്ടത്ത് നിന്നുള്ള 11 സർവീസുകൾ റദ്ദാക്കി
നെടുങ്കണ്ടം ∙ നെടുങ്കണ്ടം കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിലെ 11 സർവീസുകൾ റദ്ദാക്കി. ഉടുമ്പൻചോല താലൂക്കിൽ യാത്രാക്ലേശം രൂക്ഷം. സ്കൂൾ വിദ്യാർഥികളും കർഷകരുമാണ് ഏറ്റവുമധികം ബുദ്ധിമുട്ടിലായത്. നെടുങ്കണ്ടം കെഎസ്ആർടിസി ഓപറേറ്റിങ് സെന്ററിൽ നിന്നും 21 സർവീസുകളാണ് ഷെഡ്യൂൾ പ്രകാരം നടത്തേണ്ടത്. 34 ജീവനക്കാരുടെ ഒഴിവ് നികത്താതെ വന്നതോടെയാണ് 11 സർവീസുകൾ ഇല്ലായത്. 11 സർവീസുകളും നടത്തിയിരുന്ന ബസുകളും ഓപറേറ്റിങ് സെന്ററിൽ നിന്നും മറ്റ് ഡിപ്പോകളിലേക്ക് മാറ്റി.
17 ഡ്രൈവർമാരുടെയും 17 കണ്ടക്ടർമാരുടെയും കുറവ് ഡിപ്പോക്കുണ്ട്. ഒഴിവുകൾ നികത്തിയാൽ 16 സർവീസുകളെങ്കിലും ഒരു ദിവസം നടത്താൻ കഴിയും. ഉടുമ്പൻചോലയുടെ താലൂക്കാസ്ഥാനമായ നെടുങ്കണ്ടത്തെയും താലുക്കിലെയും ജനങ്ങളുടെ പ്രധാന ആശ്രയമാണ് നെടുങ്കണ്ടത്തു നിന്നു നടത്തുന്ന ദീർഘദൂര കെഎസ്ആർടിസി ബസുകൾ. താലൂക്ക് ആസ്ഥാനമായതിനാൽ മറ്റു ജില്ലകളിൽ നിന്നും നെടുങ്കണ്ടത്ത് എത്തിയ സർക്കാർ ജീവനക്കാരും സ്വകാര്യ കമ്പനി ജീവനക്കാരും പ്രതിസന്ധിയിലായി.
തിരുവനന്തപുരം 1, കോഴിക്കോട് 1, കോട്ടയം 4, കൊല്ലം 1, ഏരുമേലി 1 എന്നിങ്ങനെയാണ് ഇപ്പോഴുള്ള സർവീസുകൾ. ഗ്രാമീണ മേഖലയിലടക്കം സർവീസ് നടത്തിയിരുന്ന ബസുകളാണ് റദ്ദാക്കിയത്. നെടുങ്കണ്ടം കെഎസ്ആർടിസി ഗാരേജിലെ ജീവനക്കാരെ മുഴുവനും സ്ഥലം മാറ്റിക്കൊണ്ടുള്ള കോർപറേഷൻ എംഡിയുടെ ഉത്തരവ് കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതോടെ നെടുങ്കണ്ടം കെഎസ്ആർടിസി ഓപറേറ്റിങ് സെന്റർ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് പ്രചരണം പുറത്ത് വന്നിരുന്നു.
നെടുങ്കണ്ടം ബിഎഡ് കോളജിന് സമീപമുള്ള താൽകാലിക ഷെഡിലാണ് ഗാരേജ് പ്രവർത്തനം. ഗാരേജിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ തൊടുപുഴ ഡിപ്പോയിലേക്കും സ്ഥലം മാറ്റി. ഘട്ടം ഘട്ടമായി ഓപ്പറേറ്റിങ് സെന്റർ അടച്ചുപൂട്ടാനുള്ള ഗൂഢനീക്കമാണ് ചില ഉന്നത ഉദ്യോഗസ്ഥർ നടത്തുന്നതെന്നാണ് ആക്ഷേപം.6 വർഷം മുമ്പാണ് കെഎസ്ആർടിസി നെടുങ്കണ്ടത്ത് ഓപ്പറേറ്റിങ് സെന്റർ സ്ഥാപിച്ചത്.
ഡിപ്പോയായി ഉയർത്തുമെന്നും, അന്തർസംസ്ഥാന സർവീസുകളുടെ ഹബ്ബാക്കുമെന്നൊക്കെ വാഗ്ദാന മുണ്ടായിരുന്നെങ്കിലും സ്വന്തമായി ഒരു കെട്ടിടം പോലും കെഎസ്ആർടിസിക്ക് നെടുങ്കണ്ടത്തില്ല. ആദ്യഘട്ടത്തിൽ നെടുങ്കണ്ടം പഞ്ചായത്ത് ഒരുക്കി നൽകിയ പരിമിതമായ സൗകര്യങ്ങളിലാണ് ഇപ്പോഴും ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിക്കുന്നത്. പഞ്ചായത്ത് സ്റ്റേഡിയം കോംപ്ലക്സിലെ മുറികൾ, പാര്ക്കിങ്ങിനും വർക്ക് ഷോപ്പിനുമുള്ള സൗകര്യം എന്നിവ കൂടാതെ ബസ് സ്റ്റാൻഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് ചെമ്പകക്കുഴിയിൽ 2.65 ഏക്കർ ഭൂമിയും പഞ്ചായത്ത് വിട്ടു നൽകിയിരുന്നു. ഈ സ്ഥലത്ത് ഡിപ്പോ നിർമാണം ആരംഭിച്ചെങ്കിലും ഇതുവരെയും പൂർത്തിയാക്കിയിട്ടില്ല.