മറയൂർ മംഗളംപാറയിൽ വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം
മറയൂർ : മറയൂർ പഞ്ചായത്തിൽ പള്ളനാട് മംഗളംപാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. എഴുപതുകാരനടക്കം മൂന്നുപേർ മരത്തിൽ കയറിയതിനാൽ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടു.
ഞായറാഴ്ച രണ്ടുമണിക്കാണ് സംഭവം. പള്ളനാട് സ്വദേശി മാരിയപ്പ (56)നാണ് പരിക്കേറ്റത്. പള്ളനാട് സ്വദേശി ജയ് വീരപാണ്ടി (70), ഇവരെ രക്ഷിക്കാനെത്തിയ നാച്ചിവയൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.യു. പ്രവീൺ എന്നിവരാണ് മരത്തിൽ കയറി രക്ഷപ്പെട്ടത്. മംഗളംപാറയിലെ കൃഷിയിടത്തിൽ വെള്ളം കെട്ടുന്നതിനായി പോയതാണ് മാരിയപ്പനും ജയ് വീരപാണ്ടിയും. വെള്ളംകെട്ടി തിരികെ വരുന്നവഴി കാട്ടുപോത്തിന്റെ മുമ്പിൽപ്പെടുകയായിരുന്നു. കാട്ടുപോത്തിനെ കുറച്ചകലെകണ്ട ജയ് വീരപാണ്ടി സമീപത്തുള്ള മാവിൽ ചാടിക്കയറി. എന്നാൽ മാരിയപ്പൻ കാട്ടുപോത്ത് അടുത്തുവന്ന ശേഷമാണ് കണ്ടത്.
ഓടി മരത്തിൽ കയറിയെങ്കിലും ചില്ല ഒടിഞ്ഞ് താഴെവീണു. കാട്ടുപോത്ത് മാരിയപ്പനെ രണ്ടുതവണ കുത്തി. മരത്തിന് മുകളിൽ ഇരുന്ന് ജയ് വീരപാണ്ടി അലറി വിളിച്ചെങ്കിലും കാട്ടുപോത്ത് പിൻമാറിയില്ല. മാരിയപ്പൻ ചാടിയെഴുന്നേറ്റ് വീണ്ടും മരത്തിൽ കയറുവാനുള്ള ശ്രമം വിജയിച്ചതിനാൽ രക്ഷപ്പെടുകയായിരുന്നു. മരത്തിന് താഴെ കാട്ടുപോത്തും നിലയുറപ്പിച്ചു. മരത്തിന് മുകളിലിരുന്ന് മാരിയപ്പൻ മൊബൈൽ ഫോണിലൂടെ നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.യു. പ്രവീൺ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രഞ്ജിത് ടി. സിജോ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി. കുറച്ച് അകലെനിന്ന കാട്ടുപോത്തിനെ തുരത്തുവാൻ ശ്രമിക്കവേയാണ് പ്രവീണിന്റെ നേരേ കാട്ടുപോത്ത് തിരിഞ്ഞത്. പ്രവീണും ഓടി മരത്തിൽ കയറി.
പിന്നീട് അരമണിക്കൂറോളം കാട്ടുപോത്ത് മരത്തിന് താഴെ നിലയുറപ്പിച്ചു. കാർബൈഡ് ഗൺ ഉപയോഗിച്ച് കാട്ടുപോത്തിനെ തുരത്തിയാണ് മൂവരും മരത്തിൽനിന്ന് താഴെയിറങ്ങിയത്.
പരിക്കേറ്റ മാരിയപ്പനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കാട്ടുപോത്തിനെ മംഗളംപാറ വനമേഖലയിലേക്ക് തുരത്തുവാൻ നടപടികൾ സ്വീകരിച്ചതായി മറയൂർ സാൻഡൽ ഡിവിഷൻ ഡി.എഫ്.ഒ. എം.ജി. വിനോദ് കുമാർ പറഞ്ഞു.