സ്കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്; പൂർണ സജ്ജമെന്ന് മന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്. സ്കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 47 ലക്ഷത്തോളം വിദ്യാർഥികൾ തിങ്കളാഴ്ച സ്കൂളുകളിലെത്തും. ഒന്ന് മുതൽ 10 വരെയുള്ള വിഭാഗത്തിൽ 38 ലക്ഷത്തോളം വിദ്യാർഥികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 7.5 ലക്ഷത്തോളം വിദ്യാർഥികളും വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 66,000 ത്തോളം വിദ്യാർഥികളുമാണുള്ളത്.
കോവിഡിനുശേഷം ഇതാദ്യമായാണ് സ്കൂളുകൾ സമ്പൂർണ തോതിൽ തുറക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടാകും സ്കൂളുകളുടെ പ്രവർത്തനം. പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, തദ്ദേശ, ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തനമാരംഭിക്കുന്നത്.
കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകൾ പ്രവർത്തിക്കുക. സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകൾക്കും ഐസിഎസ്ഇ സ്കൂളുകൾക്കും സർക്കാർ തീരുമാനങ്ങൾ ബാധകമാണ്. പൂർണതോതിൽ പ്രവർത്തിക്കാൻ സ്കൂളുകൾ സജ്ജമാണെന്നും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.