നീലകലർന്ന ഉൾവശവും കർപ്പൂരഗന്ധവും, കിലോയ്ക്ക് ആയിരം രൂപയ്ക്ക് മുകളിൽ ; ആരോഗ്യ ഗുണങ്ങളിൽ മുന്നിൽ നീല മഞ്ഞൾ

മഞ്ഞളിന്റെ സ്വർണ നിറവും മണ്ണിന്റെ സുഗന്ധവും നമുക്ക് പെട്ടെന്ന് തന്നെ തിരിച്ചറിയാൻ കഴിയും. ഇന്ന് ചായയിലും കാപ്പിയിലും കറികളിലും സ്മൂത്തി ബൗളുകളിലും ഒരുപോലെ ഇടംപിടിച്ച ഈ മഞ്ഞ സുഗന്ധവ്യഞ്ജനം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്.
എന്നാൽ, ഉയർന്ന വനമേഖലകളിലും പരമ്പരാഗത ഔഷധശാലകളിലും ഒളിഞ്ഞിരിക്കുന്ന അപൂർവമായ ഒരു മഞ്ഞളുണ്ട്. സസ്യശാസ്ത്രപരമായി കുർക്കുമ സീസിയ എന്നും പൊതുവെ നീല മഞ്ഞൾ അല്ലെങ്കിൽ കറുത്ത മഞ്ഞൾ എന്നും അറിയപ്പെടുന്ന ഈ സസ്യം, നമ്മൾ എല്ലാ ദിവസവും പാചകത്തിൽ ഉപയോഗിക്കുന്ന മഞ്ഞളിന്റെ കേവലം നിറവ്യതിയാനം മാത്രമല്ല. മുറിച്ചുനോക്കുമ്പോൾ ഉള്ളിലെ മാംസളഭാഗം നീലകലർന്ന കറുപ്പ് നിറത്തിലാണ് കാണപ്പെടുന്നത്. കയ്പേറിയ രുചിയും കർപ്പൂരത്തോട് സാമ്യമുള്ള തീവ്രമായ സുഗന്ധവും ഇതിനെ സാധാരണ മഞ്ഞളിൽ നിന്ന് തികച്ചും വ്യത്യസ്തമാക്കുന്നു.വടക്കുകിഴക്കൻ ഇന്ത്യയിലും മധ്യപ്രദേശിലും നമ്മുടെ വയനാട്ടിലുമൊക്കെയാണ് ഇത് പ്രധാനമായും കൃഷി ചെയ്യുന്നത്. വളരെ അപൂർവമായതുകൊണ്ടും ഔഷധഗുണം ഏറെയുള്ളതുകൊണ്ടുമാണ് ഇതിന് കിലോയ്ക്ക് ആയിരം രൂപയ്ക്ക് മുകളിൽ വില വരുന്നത്. സാധാരണ മഞ്ഞൾ കറികളിൽ ചേർത്താൽ മഞ്ഞ നിറമാകുമല്ലോ, എന്നാൽ നീല മഞ്ഞളിന് ആ സ്വഭാവമില്ല. ഭക്ഷണത്തിനോ വിരലുകൾക്കോ മഞ്ഞനിറം നൽകാതെ തന്നെ മഞ്ഞളിന്റെ എല്ലാ ഗുണങ്ങളും നൽകുമെന്നതാണ് ഇതിന്റെ പ്രത്യേകത. കർപ്പൂരത്തിന്റേയോ പൈൻ മരത്തിന്റേയോ ഒക്കെ പോലുള്ള ഒരു പ്രത്യേക ഗന്ധമാണ് ഇതിനുള്ളത്.
∙ പാചകത്തിനായി ഉപയോഗിക്കില്ല
ഇത് ദൈനംദിന ഭക്ഷണങ്ങളിൽ സാധാരണയായി ഉപയോഗിക്കാറില്ല. ഔഷധങ്ങളിലാണ് കൂടുതലും ഉപയോഗിക്കുന്നത്. ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഈ അപൂർവ മഞ്ഞൾ സന്ധിവേദന ശമിപ്പിക്കാനും ദഹനത്തെ പിന്തുണയ്ക്കാനും ശ്വസന അസ്വസ്ഥതകൾ ലഘൂകരിക്കാനും സഹായിക്കുന്നതായി കരുതപ്പെടുന്നു.
സാധാരണ മഞ്ഞളിന്റെ ഗുണങ്ങൾ പ്രധാനമായും ഉണ്ടാകുന്നത് കുർക്കുമിൻ എന്ന സംയുക്തത്തിൽ നിന്നാണ്. ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഈ സംയുക്തത്തെക്കുറിച്ച് ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, നീല മഞ്ഞളിൽ അവശ്യ എണ്ണകൾ, ഫിനോളിക്കുകൾ, ആരോമാറ്റിക് സംയുക്തങ്ങൾ എന്നിവയുടെ സവിശേഷ മിശ്രിതം അടങ്ങിയിട്ടുണ്ട്.
പ്രാഥമിക ലബോറട്ടറി പഠനങ്ങൾ ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ടെങ്കിലും, പ്രത്യേകിച്ച് ഗർഭകാലത്തോ മറ്റ് ആരോഗ്യാവസ്ഥകളിലോ ഇത് ചെറിയ അളവിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും വൈദ്യോപദേശം തേടണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
∙ നീല മഞ്ഞളിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ
സാധാരണ മഞ്ഞൾ പോലെ നീല മഞ്ഞളും പേശികൾക്കും സന്ധികൾക്കും ആശ്വാസം നൽകിയേക്കാം. സാധാരണ മഞ്ഞളിലെ കുർക്കുമിൻ വീക്കം ഉണ്ടാക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
മഞ്ഞൾ ഇനങ്ങളിൽ നിന്നുള്ള സംയുക്തങ്ങൾ സൂക്ഷ്മജീവികളുടെ വളർച്ചയെ തടയാൻ സഹായിക്കുന്നു. ചെറിയ ചർമപ്രശ്നങ്ങളിലും മുറിവുകളിലും ഇവ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു. ഗ്യാസ്, വയറുവേദന, ചുമ, ശ്വാസതടസ്സം എന്നിവയ്ക്ക് പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ നീല മഞ്ഞൾ ഉപയോഗിക്കുന്നു.













































































































































