മരുമകൻ പ്രസിഡന്റായ ഇടുക്കി രാജാക്കാട് സഹകരണ ബാങ്കിനു ടൂറിസം പദ്ധതിക്കായി വൈദ്യുതി ബോർഡിന്റെ ഭൂമി അനുവദിച്ചത് എം.എം.മണിയുടെ അറിവോടെ;അനുവദിച്ചത് 21 ഏക്കർ
തിരുവനന്തപുരം ∙ മരുമകൻ പ്രസിഡന്റായ ഇടുക്കി രാജാക്കാട് സഹകരണ ബാങ്കിനു ടൂറിസം പദ്ധതിക്കായി വൈദ്യുതി ബോർഡിന്റെ ഭൂമി അനുവദിച്ചത് അന്നു വകുപ്പുമന്ത്രിയായിരുന്ന എം.എം.മണിയുടെ അറിവോടെ. പൊന്മുടി അണക്കെട്ടു പ്രദേശത്തെ 21 ഏക്കർ ടൂറിസം പദ്ധതിക്കായി അനുവദിക്കണമെന്നാണു മണിയുടെ മരുമകൻ വി.എ.കുഞ്ഞുമോൻ പ്രസിഡന്റായ രാജാക്കാട് സർവീസ് സഹകരണ ബാങ്ക്, കേരള ഹൈഡൽ ടൂറിസം സെന്ററിന് (കെഎച്ച്ടിസി) അപേക്ഷ നൽകിയത്.
മന്ത്രി മണി 2019 ഫെബ്രുവരി 6 നു വിളിച്ചുചേർത്ത ടൂറിസം സെന്ററിന്റെ ഭരണസമിതി യോഗം ഭൂമി വിട്ടുനൽകാൻ തീരുമാനിച്ചതായി വൈദ്യുതി ബോർഡിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 28നു ബോർഡിന്റെ മുഴുവൻ സമയ ഡയറക്ടർമാർ യോഗം ചേർന്നാണു 15 വർഷത്തേക്കു ഭൂമി അനുവദിച്ചത്. രാജാക്കാട് സഹകരണ ബാങ്കും കെഎച്ച്ടിസിയും വരുമാനം പങ്കിടാമെന്നായിരുന്നു വ്യവസ്ഥ. 80% ബാങ്കിനും 20% കെഎച്ച്ടിസിക്കും. ഇതിൽ 15% ബോർഡിനു നൽകണം. ഭൂമിയുടെ ഉടമസ്ഥാവകാശം ബോർഡിൽ നിക്ഷിപ്തമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
ബോർഡിന്റെയോ സർക്കാരിന്റെയോ അനുമതിയില്ലാതെ ടൂറിസം വികസനത്തിനായി സൊസൈറ്റികൾക്കു സ്ഥലം വിട്ടുനൽകിയെന്ന ചെയർമാൻ ബി.അശോകിന്റെ വാദം തെറ്റാണെന്ന് ഇതു വ്യക്തമാക്കുന്നു. ബോർഡിന്റെ ഭാഗമായ കെഎച്ച്ടിസിക്കു ടൂറിസം പദ്ധതികൾക്കായി അനുമതി നൽകിയതു ബോർഡിന്റെ അനുമതിയോടെയാണ്. ഇതിനായി കർശന നിബന്ധനകൾ വച്ചിരുന്നതായും ഉത്തരവിൽ ഉണ്ട്. കെഎച്ച്ടിസി ആണ് കോ ഓപ്പറേറ്റീവ് സൊസൈറ്റികൾക്കു നിബന്ധനകൾക്കു വിധേയമായി അനുമതി നൽകിയത്.
തീരുമാനം വൈദ്യുതി ബോർഡിന്റേത്: മണി
തിരുവനന്തപുരം∙ ഹൈഡൽ ടൂറിസത്തിനായി രാജാക്കാട് സൊസൈറ്റിക്കു ഭൂമി നൽകാനുള്ള തീരുമാനം വൈദ്യുതി ബോർഡിന്റേതാണെന്നു മുൻമന്ത്രി എം.എം.മണി പറഞ്ഞു. ഏറ്റവും ഉയർന്ന തുക ക്വോട്ട് ചെയ്തവർക്കാണു ഭൂമി നൽകിയത്. അതു തികച്ചും വ്യവസ്ഥാപിതമായിരുന്നു. കരാർ റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ, ഏതു സതീശൻ എന്നായിരുന്നു മണിയുടെ മറുപടി.
‘ഞാനൊരു പാവമാണ്. നിങ്ങൾ ചോദിക്കാനുള്ളതെല്ലാം ഇപ്പോഴത്തെ മന്ത്രി കൃഷ്ണൻകുട്ടിയോടാണു ചോദിക്കേണ്ടത്. എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണു ബോർഡ് ചെയർമാൻ എന്നെ വിളിച്ചു പറഞ്ഞത്. അയാൾ തുടരണോയെന്നും മന്ത്രിയോടു ചോദിക്ക്. ആര്യാടൻ മുഹമ്മദ് മന്ത്രിയായിരുന്ന കാലത്തു നടന്നതു കൂടി സതീശൻ അന്വേഷിക്കണം. ആര്യാടനും മകനും കൂടി വ്യക്തികൾക്കു വരെ കൊടുത്തു. ഉമ്മൻചാണ്ടിയും ഇതിന്റെ ഭാഗമായിരുന്നു. അതെല്ലാം വിജിലൻസ് അന്വേഷണത്തിനു വിധേയമാക്കണമെന്നായിരുന്നു എന്റെ അഭിപ്രായം’– മണി പറഞ്ഞു.
English Summary: M.M. Mani allows kseb land for bank where his son in law is president