ചീട്ടുകളി കേന്ദ്രത്തില്‍ വെള്ളത്തൂവല്‍ പോലീസും ഇടുക്കി നാര്‍ക്കോട്ടിക് സെല്ലും നടത്തിയ പരിശോധനയില്‍ കാട്ടുമൃഗങ്ങളുടെ കൊമ്പുകള്‍ പിടികൂടി
വെള്ളത്തൂവൽ : അമ്പഴച്ചാല്‍ കാണ്ടിയാംപാറയിലെ ചീട്ടുകളി കേന്ദ്രത്തില്‍ വെള്ളത്തൂവല്‍ പോലീസും ഇടുക്കി നാര്‍ക്കോട്ടിക് സെല്ലും നടത്തിയ പരിശോധനയില്‍ കാട്ടുമൃഗങ്ങളുടെ കൊമ്പുകള്‍ കണ്ടെടുത്തു.കാണ്ടിയാംപാറയിലെ തോക്കുപാറ സ്വദേശിയുടെ വീട്ടില്‍ ചീട്ടുകളി നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വെള്ളത്തൂവല്‍ പോലീസും ഇടുക്കി നാര്‍ക്കോട്ടിക് സെല്ലും പരിശോധന നടത്തിയത്.
കേന്ദ്രത്തില്‍ ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്ന പത്ത് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ഇവിടെ നിന്നും ഒരു ലക്ഷത്തി അയ്യായിരത്തി ഇരുന്നൂറ്റമ്പത് രൂപയും പോലീസ് പിടിച്ചെടുത്തു.തുടര്‍ന്ന് വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് രഹസ്യമായി സൂക്ഷിച്ചിരുന്ന കാട്ടുമൃഗങ്ങളുടെ കൊമ്പ് കണ്ടെടുത്തത്.തുടര്‍ന്ന് തോക്കുപാറ സ്വദേശിയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ചീട്ട് കളിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചതായും തോക്കുപാറ സ്വദേശിയെ കോടതിയില്‍ ഹാജരാക്കിയതായും വെള്ളത്തൂവല്‍ പോലീസ് പറഞ്ഞു.തുടരന്വേഷണത്തിനായി കേസ് പോലീസ് വനംവകുപ്പിന് കൈമാറി. കൊമ്പുള്‍പ്പെടെയുള്ള സാധനങ്ങള്‍ എവിടെ നിന്നും ലഭിച്ചുവെന്നതടക്കമുള്ള കാര്യങ്ങള്‍ തുടരന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതായുണ്ടെന്നും വെള്ളത്തൂവല്‍ പോലീസ് അറിയിച്ചു.