പി ആര്‍ ഡി സുവര്‍ണ്ണ ജൂബിലി ഫോട്ടൊ പ്രദര്‍ശനം തിങ്കളാഴ്ച മുതല്‍
ഇടുക്കി ജില്ലയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചു ജില്ലയുടെ വളര്‍ച്ചയുടെയും വികസനത്തിന്റെയും നേര്‍സാക്ഷ്യമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശന പര്യടന വാഹനം ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഫെബ്രുവരി 14 ന് രാവിലെ 10.30 ന് തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റേഷന്‍ പരിസരത്ത് ഫ്്ളാഗ് ഓഫ് ചെയ്യും. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്ജ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കുടിയേറ്റ ജനതയുടെ അധ്വാനത്തിന്റെയും വളര്‍ച്ചയുടെയും ഒപ്പം നാടിന്റെ നാനാവിധ വികസനവും നവകേരള മിഷന്റെ പ്രവര്‍ത്തന മികവും ഇടുക്കിയുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളും കാനനഭംഗിയ്ക്ക് മാറ്റുകൂട്ടുന്ന വന്യജീവികളും ഉള്‍പ്പെടുന്ന ദൃശ്യവിരുന്നാണ് നിങ്ങള്‍ക്കായി ഫോട്ടൊ പ്രദര്‍ശന വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. ജില്ലയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അണിയിച്ചൊരുക്കിയ സുവര്‍ണ്ണ ഗീതം ആസ്വദിക്കുന്നതിനായി പ്രത്യേക സ്‌ക്രീനും വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
ഫെബ്രു. 14 ന് തൊടുപുഴയില്‍ നിന്നാരംഭിച്ച സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശന പ്രചരണ പരിപാടി ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി 19 ന് അടിമാലിയില്‍ സമാപിക്കും. തൊടുപുഴ, പുറപ്പുഴ, കരിങ്കുന്നം, മുട്ടം, മൂലമറ്റം, മുതലക്കോടം, കരിമണ്ണൂര്‍, വണ്ണപ്പുറം, ചേലച്ചുവട്, കരിമ്പന്‍, ചെറുതോണി, തങ്കമണി, ഇരട്ടയാര്‍, കട്ടപ്പന, മാട്ടുക്കട്ട, ഏലപ്പാറ, കുട്ടിക്കാനം, പീരുമേട്, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍, കുമളി, തൂക്കുപാലം, നെടുങ്കണ്ടം, ഉടുമ്പന്‍ചോല, രാജകുമാരി, രാജാക്കാട്, കുഞ്ചിത്തണ്ണി, ആനച്ചാല്‍, മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍, അടിമാലി റൂട്ടിലാണ് മൊബൈല്‍ ഫോട്ടോ പ്രദര്‍ശന വാഹനം കടന്നു പോകുന്നത്.