ഓൾ ഇന്ത്യ മെഡിക്കൽ യുജി ആദ്യറൗണ്ടിൽ ‘ഹൈബ്രിഡ്’ പ്രവേശനരീതി; വ്യവസ്ഥകളിങ്ങനെ
കോവിഡ്സാഹചര്യം പരിഗണിച്ച് ഓൾ ഇന്ത്യ മെഡിക്കൽ യുജി ആദ്യറൗണ്ടിൽ ‘ഹൈബ്രിഡ്’ പ്രവേശനരീതി അനുവദിച്ചു. നേരിട്ടുചെന്നോ, ചെല്ലാതെ ഓൺലൈനായോ ചേരാം. പക്ഷേ, ‘ഓൺലൈൻ റിപ്പോർട്ടിങ് (ഇ–ജോയിനിങ്)’ രീതി സ്വീകരിക്കുന്നവർ ഇനിപ്പറയുന്ന വ്യവസ്ഥകൾ പാലിക്കണം
∙ കോളജിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം.
∙ സീറ്റ് സ്വീകരിക്കുന്നെന്ന കാര്യം ഉറപ്പിക്കുന്ന ഇ–മെയിൽ അയച്ച്, നിർദിഷ്ടരേഖകളുടെ സ്കാൻ ചെയ്ത കോപ്പികൾ അപ്‌ലോഡ് ചെയ്യണം. രേഖകൾ ഏതെല്ലാമെന്ന് ഇൻഫർമേഷൻ ബുള്ളറ്റിന്റെ 41, 42 പേജുകളിലുണ്ട്.
∙ ഈ രീതിയിൽ ചേരുന്നവർ കോളജിൽനിന്ന് എംസിസി പോർട്ടലിലൂടെ ഓൺലൈനായുള്ള ‘അഡ്മിഷൻ ലെറ്റർ’ കിട്ടിയെന്ന് ഉറപ്പാക്കണം. അതില്ലാത്ത പ്രവേശനം അസാധുവായിരിക്കും. കത്തിന്റെ പകർപ്പ് കോളജിൽനിന്ന് എംസിസിക്ക് [email protected] എന്ന ഇ–മെയിലിൽ കിട്ടണം.
∙ കോളജുകൾ ഇ–മെയിൽ ഐഡിയും, ഫോൺ നമ്പറും, ഫീസ് അടയ്ക്കാനുള്ള പോർട്ടലും അവയുടെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കും. കോളജ് പോർട്ടൽവഴി ഫീസ് അടയ്ക്കണം. ഓൺലൈൻ പ്രവേശനം താൽക്കാലികമാണ്. ഇതു പിന്നീട് നേരിട്ടെത്തി ഒറിജിനൽ രേഖകൾ പരിശോധിപ്പിച്ച്, വൈദ്യപരിശോധനയും നടത്തി ഉറപ്പിക്കേണ്ടതുണ്ട്.
∙ ഒന്നാം റൗണ്ടിൽ ചേർന്നവർക്ക് 16നു വൈകിട്ട് 4 വരെ ആ സീറ്റ് ഉപേക്ഷിക്കാൻ സമയമുണ്ട്. അതിന്റെ കത്ത് കോളജിൽനിന്ന് എംസിസി പോർട്ടലിൽ ഓൺലൈനായി ലഭ്യമായെന്ന് ഉറപ്പാക്കണം. ഓഫ്‌ലൈൻ രാജി അസാധുവായിരിക്കും. ഇങ്ങനെ ഉപേക്ഷിക്കാത്തവർ രണ്ടാം റൗണ്ടിലുള്ളതായി കരുതും.
∙ ആദ്യറൗണ്ടിൽ കിട്ടിയ സീറ്റ് നിലനിർത്തിക്കൊണ്ട്, രണ്ടാം റൗണ്ടിലേക്ക് അപ്ഗ്രഡേഷൻ വേണ്ടവർ നേരിട്ടു കോളജിലെത്തണം. എന്നാൽ, ആദ്യറൗണ്ടിൽ ‘ഫ്രീ എക്സിറ്റ്’ മതിയെങ്കിൽ കോളജിൽ ചെല്ലേണ്ട.
∙ കോവിഡ് പ്രോട്ടക്കോൾ ആവശ്യം, വിദ്യാർഥിക്കു കോവിഡ് ബാധിച്ച സാഹചര്യം എന്നിവയുള്ളപ്പോൾ സ്വീകരിക്കാനുള്ള മാർഗമാണ് ഓൺലൈൻ റിപ്പോർട്ടിങ് (ഇ–ജോയിനിങ്).