രാത്രിക്കു രാത്രി രണ്ടു പഞ്ചായത്ത് പ്രസിഡന്റുമാർ സിപിഎമ്മിൽ; വാത്തിക്കുടിയിലും കുടയത്തൂരിലും സംഭവിച്ചതെന്ത്
രാത്രിക്കു രാത്രി രണ്ടു പഞ്ചായത്ത് പ്രസിഡന്റുമാർ സിപിഎമ്മിൽ. പൊന്നാടയിട്ടു സ്വീകരിച്ചു സിപിഎം ജില്ലാ സെക്രട്ടറി. കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയനാണ് ഇപ്പോൾ സിപിഎമ്മിൽ ചേർന്നത്. യുഡിഎഫിനുള്ളിലെ ഭിന്നതകളെ മുതലെടുക്കാനുള്ള സിപിഎമ്മിന്റെ ശ്രമം വിജയിച്ചതോടെ രണ്ടു ദിവസംകൊണ്ടു യുഡിഎഫിനു നഷ്ടപ്പെട്ടതു വാത്തിക്കുടി, കുടയത്തൂർ പഞ്ചായത്തുകൾ.
കോൺഗ്രസ് അംഗങ്ങൾ പാർട്ടി മാറിയതോടെ കഴിഞ്ഞ മാസം മൂന്നാർ പഞ്ചായത്തിലെ ഭരണവും കഴിഞ്ഞ മാസം യുഡിഎഫിനു നഷ്ടപ്പെട്ടിരുന്നു. കേരള കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തമ്മിലുള്ള ധാരണ തെറ്റിച്ചാണു രണ്ടു പ്രസിഡന്റുമാരും മറുകണ്ടം ചാടിയത്. തൊടുപുഴ മുനിസിപ്പാലിറ്റി ഭരണം യുഡിഎഫിന്റെ കയ്യിൽ നിന്നു തുടക്കത്തിലെ വഴുതിപ്പോയതും നഗരസഭാ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള കേരള കോൺഗ്രസ് – കോൺഗ്രസ് തർക്കങ്ങളെ തുടർന്നായിരുന്നു.
മൂന്നു പഞ്ചായത്തുകൾ യുഡിഎഫിന്റെ കയ്യിൽ നിന്നു വഴുതിപ്പോയപ്പോൾ ഭരണം കൈപ്പിടിയിൽ ഒതുക്കാൻ സാഹചര്യമുണ്ടായിരുന്ന ചിന്നക്കനാൽ പഞ്ചായത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചപ്പോഴും സിപിഐ– സിപിഎം തർക്കത്തെ തുടർന്ന് ഭരണം യുഡിഎഫിനു വിട്ടുകൊടുക്കേണ്ട അവസ്ഥയെത്തി.
വാത്തിക്കുടിയിൽ സംഭവിച്ചത്
18 അംഗ വാത്തിക്കുടി പഞ്ചായത്ത് ഭരണ സമിതിയിൽ യുഡിഎഫിനു പത്തും എൽഡിഎഫിനു ഏഴും അംഗങ്ങളാണ് ഉണ്ടായിരുന്നത്. സ്വതന്ത്രയായി ജയിച്ച ഒരു അംഗം കേരള കോൺഗ്രസ് എമ്മിലൂടെ ഇടതു മുന്നണിയിലെത്തിയിരുന്നു. യുഡിഎഫിൽ പ്രസിഡന്റ് അടക്കം മൂന്ന് അംഗങ്ങളാണ് കേരള കോൺഗ്രസിലുള്ളത്. ഏഴു പേർ കോൺഗ്രസിലും. പ്രസിഡന്റ് സ്ഥാനം വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്ന പഞ്ചായത്തിൽ മുന്നണി ധാരണ പ്രകാരം ആദ്യത്തെ ഒരു വർഷം കേരള കോൺഗ്രസിനു നൽകിയിരുന്നു.
കാലാവധി പൂർത്തിയായതിനെ തുടർന്ന് സിന്ധു ജോസിനോട് കോൺഗ്രസ് പ്രതിനിധിക്കു വേണ്ടി പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറാൻ പാർട്ടിയും മുന്നണിയും ആവശ‌്യപ്പെട്ടിരുന്നു. എന്നാൽ ഇതിനു തയാറാകാതെയാണ് അവർ ഇപ്പോൾ മുന്നണിയിൽ നിന്നു തന്നെ മാറിയത്. ഇതോടെ യുഡിഎഫിനും എൽഡിഎഫിനും 9 വീതം അംഗങ്ങളുടെ പിന്തുണയായി.
മൂന്നാർ പഞ്ചായത്തിൽ കൂറുമാറിയത് കോൺഗ്രസുകാർ
ആകെയുള്ള 21 വാർഡിൽ 11 എണ്ണത്തിൽ വിജയിച്ച യുഡിഎഫാണ് മൂന്നാർ പഞ്ചായത്ത് ഭരിച്ചിരുന്നത്. എം. മണിമൊഴി ആയിരുന്നു അന്ന് പ്രസിഡന്റ്. എന്നാൽ കോൺഗ്രസിലെ രണ്ട് അംഗങ്ങൾ ഇടത് മുന്നണിയിലേക്ക് കൂറുമാറിയതോടെ കഴിഞ്ഞ മാസം യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടു. സിപിഐയിലേക്കു കൂറുമാറിയ പ്രവീണ രവികുമാറാണ് ഇപ്പോൾ പ്രസിഡന്റ്. സിപിഎമ്മിലേക്കു മാറിയ എം. രാജേന്ദ്രൻ വൈസ് പ്രസിഡന്റാണ്. നിലവിൽ എൽഡിഎഫ് 12, യുഡിഎഫ് 9 എന്നിങ്ങനെയാണ് കക്ഷിനില.
‘വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സമയം തന്നില്ല’
പഞ്ചായത്തിൽ തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ചോദിച്ചിട്ടും അനുവദിക്കാത്തതിനെത്തുടർന്നാണു ഇടതു മുന്നണിയുടെ നിരുപാധിക പിന്തുണ സ്വീകരിച്ചതെന്ന് വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്. തൽക്കാലം ഒരു പാർട്ടിയിലും ചേരാതെ സ്വതന്ത്രയായി നിൽക്കാനാണ് തീരുമാനം. പഞ്ചായത്തിൽ അടിസ്ഥാന തലം മുതലുള്ള വികസനത്തിനു മുന്നണി മാറ്റം സഹായകരമാകും എന്നാണ് പ്രതീക്ഷ.
കാർഷിക മേഖലയിലും പശ്ചാത്തല മേഖലയിലും ഒട്ടേറെ കാര്യങ്ങൾ പൂർത്തിയാക്കാനുണ്ട്. വാത്തിക്കുടി വില്ലേജ് ഓഫിസിന് ചുരുങ്ങിയ ദിവസം കൊണ്ട് നിർമാണ അനുമതി ലഭിച്ചു കഴിഞ്ഞു. ഭാവിയിൽ ഏതെങ്കിലും കക്ഷിയിൽ ചേരുന്നുണ്ടെങ്കിൽ അത് ഒപ്പം നിൽക്കുന്ന പ്രവർത്തകരുടെ വികാരം കൂടി കണക്കിലെടുത്താകുമെന്നും സിന്ധു പറഞ്ഞു.
ബിജെപി നിർണായകം
പ്രസിഡന്റ് എൽഡിഎഫിൽ ചേക്കേറിയതോടെ കക്ഷിനില എൽഡിഎഫ് 6 യുഡിഎഫ് 5, ബിജെപി 2 എന്ന നിലയിലായി. അവിശ്വാസപ്രമേയം വന്നാലും പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വന്നാലും ബിജെപിയുടെ നിലപാട് നിർണായകമായിരിക്കും.
കുടയത്തൂരിൽ രാത്രിയിൽ കൂടുമാറ്റം
കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എൽഡിഎഫിലേക്ക് കൂറുമാറിയതോടെ കുടയത്തൂർ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ തിങ്കളാഴ്ച വൈകിട്ട് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അടക്കമുള്ള ഇടതുമുന്നണി നേതാക്കളെ കണ്ട് തുടർന്ന് എൽഡിഎഫിൽ പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി. ഉഷ വിജയൻ എൽഡിഎഫിനൊപ്പം പോയതോടെ ഭരണം നഷ്ടപ്പെട്ട അവസ്ഥയിലായി യുഡിഎഫ്.
യുഡിഎഫ് പാനലിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയായിട്ടാണ് 7-ാം വാർഡിൽ നിന്നു ഉഷ വിജയൻ തിരഞ്ഞെടുത്തത്. ആദ്യ ഒരു വർഷം കേരള കോൺഗ്രസിനും തുടർന്ന് 4 വർഷം കോൺഗ്രസും പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കും എന്നായിരുന്നു മുന്നണിയിലെ ധാരണ. ഡിസംബർ 30 നു ഉഷാ വിജയന്റെ കാലാവധി 1 വർഷം പൂർത്തിയായെങ്കിലും ഒരു മാസം കൂടി ചോദിച്ച് വാങ്ങിയിരുന്നു.
ആ കാലാവധിയും കഴിഞ്ഞ ദിവസം അവസാനിച്ചെങ്കിലും പ്രസിഡന്റ് രാജി വച്ചില്ല. ഈ പ്രതിസന്ധിക്കിടെ പ്രസിഡന്റ് ഉഷാ വിജയൻ സിപിഎമ്മിൽ ചേർന്നു. പഞ്ചായത്തിൽ കോൺഗ്രസ് 4, മുസ്‌ലിം ലീഗ് 1, കേരള കോൺഗ്രസ് 1 എന്നിങ്ങനെയാണ് യുഡിഎഫിലെ കക്ഷിനില. എൽഡിഎഫിന് 5, ബിജെപിക്ക് 2 അംഗങ്ങളും ആണുള്ളത്. നിലവിലെ കക്ഷി നില അനുസരിച്ച് പ്രസിഡന്റിനെതിരെ പട നയിക്കാനുള്ള ശേഷി യുഡിഎഫ് നേതൃത്വത്തിന് ഇല്ലായെന്നത് ഉഷാ വിജയന് ഗുണം ചെയ്യും.
കോൺഗ്രസ് ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ നടപടികൾ ആരംഭിച്ചു. ഇരുമുന്നണികൾക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ അവിശ്വാസ പ്രമേയം പാസാകുമോ എന്ന ആശങ്ക കോൺഗ്രസ് വൃത്തങ്ങളിലുണ്ട്. എന്നാൽ അവിശ്വാസ പ്രമേയത്തിൽ കേരള കോൺഗ്രസ് ഉഷ വിജയന് വിപ്പ് നൽകുമോ എന്നാണ് കാത്തിരിക്കുന്നത്.