ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് മാറ്റമില്ല; ഓൺലൈൻ ക്ലാസ് ശക്തമാക്കും: മന്ത്രി


തിരുവനന്തപുരം∙ ഒന്നു മുതൽ ഒമ്പതു വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്കു വിക്ടേഴ്‌സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസ് ഉണ്ടാകും. എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് ജിസ്യൂട്ട് പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ക്ലാസും ഉണ്ടായിരിക്കും. അധ്യാപകർ ഹാജർ നിർബന്ധമായും രേഖപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
10, 11, 12 ക്ലാസുകളിലേക്കുള്ള പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് മുൻപ് നിർബന്ധമായും പൂർത്തിയാകുംവിധം ക്രമീകരണം ഉണ്ടാക്കണം. പ്രാക്ടിക്കൽ പരീക്ഷ മാറ്റുന്ന സാഹചര്യം കൂടി അതിനായി വിനിയോഗിക്കണം. 10, 12 ക്ലാസ്സുകളിലേക്കുള്ള വാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്കു യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നു മന്ത്രി പറഞ്ഞു. ഈ അധ്യയന വർഷം തുടക്കം മുതൽ തന്നെ ഡിജിറ്റൽ–ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചിട്ടുണ്ട്. നവംബർ ഒന്നിനു ഓഫ്‌ലൈൻ ക്ലാസുകളും തുടങ്ങി. പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കോവിഡ് കാലത്ത് നടത്തിയപോലുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടത്തണം. ഇതിനായി സ്‌കൂൾതലത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി യോഗങ്ങൾ നടത്തണം.
ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെൻറ്–സപ്ലിമെന്ററി പരീക്ഷ ഈ മാസം 31ന് ആരംഭിക്കും. കോവിഡ് പോസിറ്റീവ് ആയ കുട്ടികൾക്കു പരീക്ഷയെഴുതാൻ പ്രത്യേക മുറി ഉണ്ടായിരിക്കും. എഴുത്തു പരീക്ഷക്കു മുൻപാണ് പ്രാക്ടിക്കൽ പരീക്ഷ ഷെഡ്യൂൾ ചെയ്തിരുന്നത്. ഇത് മാറ്റി എഴുത്ത് പരീക്ഷയ്ക്കുശേഷം പ്രാക്ടിക്കൽ പരീക്ഷ നടത്തും. ഈ വർഷം പൊതുപരീക്ഷയ്ക്ക് 60% ഫോക്കസ് ഏരിയയിൽ നിന്ന് 70% ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതേണ്ടത്. ആകെ 105% ചോദ്യങ്ങൾ നൽകും. നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 30% ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതേണ്ടത്. ആകെ 45% ചോദ്യങ്ങൾ നൽകും. വിദ്യാർഥികളുടെ മികവിനനുസരിച്ച് മൂല്യ നിർണയം നടത്തുന്നതിനാണ് മാറ്റങ്ങൾ. ഇന്റേണൽ–പ്രാക്ടിക്കൽ മാർക്കുകൾ കൂടി വിദ്യാർത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കുന്നതിനു കൂട്ടിച്ചേർക്കും.