ഇടുക്കിക്ക് ഇന്ന് അൻപതാം പിറന്നാൾ; ചുറുചുറുക്കോടെ ഈ മിടുമിടുക്കി
രാജ്യം 73–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ഇടുക്കി ജില്ലയ്ക്ക് ഇന്ന് അൻപതാം പിറന്നാൾ. ജില്ല രൂപീകൃതമായിട്ട് അൻപതാണ്ട് തികയുന്ന വേളയിൽ യുവത്വത്തിന്റെ സൗന്ദര്യത്തിലും ചുറുചുറുക്കിലുമാണ് ഇടുക്കി. 1972 ജനുവരി 24നു പുറപ്പെടുവിച്ച സർക്കാർ വിജ്ഞാപനമനുസരിച്ച് 1972 ജനുവരി 26ന് ഇടുക്കി ജില്ല നിലവിൽ വന്നു.മലയിടുക്ക് എന്നർഥമുള്ള ഇടുക്ക് എന്ന വാക്കിൽ നിന്നാണ് ഇടുക്കി എന്ന പേര് ജില്ലയ്ക്കു വന്നത്. ആദ്യം ‘ഇടിക്കി’ എന്ന് ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തിയിരുന്നത് തിരുത്തി ‘ഇടുക്കി’ എന്നാക്കി മാറ്റി റവന്യു വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയത് 1973 ജനുവരി 11നാണ്.കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഉടുമ്പൻചോല, പീരുമേട് താലൂക്കുകളും എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന തൊടുപുഴ താലൂക്കും ദേവികുളം താലൂക്കും ചേർന്നാണ് ഇടുക്കി ജില്ല രൂപംകൊണ്ടത്. 1982ൽ പമ്പാവാലി ഭാഗങ്ങളും പീരുമേട് താലൂക്കിലെ മ്ലാപ്പാറ വില്ലേജിലെ ശബരിമല സന്നിധാനവും ചുറ്റുമുള്ള ഭാഗങ്ങളും പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടുത്തി.4,358 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ്. ഇടുക്കി, ദേവികുളം എന്നീ രണ്ട് റവന്യു ഡിവിഷനുകളും ദേവികുളം, ഉടുമ്പൻചോല, ഇടുക്കി, തൊടുപുഴ പീരുമേട് എന്നീ 5 താലൂക്കുകളും 67 വില്ലേജുകളും ഇപ്പോൾ ജില്ലയിൽ ഭരണനിർവഹണത്തിലുണ്ട്.
ജില്ലയിൽ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലായി, ഇന്ത്യയിലെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടി ഉൾപ്പെടെ 52 ഗ്രാമപ്പഞ്ചായത്തുകളും തൊടുപുഴ, കട്ടപ്പന എന്നീ രണ്ട് നഗരസഭകളും ഉണ്ട്. ജില്ല രൂപീകൃതമായപ്പോൾ ആസ്ഥാനം കോട്ടയമായിരുന്നുവെങ്കിലും പിന്നീട് കുയിലിമലയിലേക്കു മാറ്റി. 2011 ലെ സെൻസസ് പ്രകാരം ഇടുക്കിയിലെ ജനസംഖ്യ 11,08,974 ആണ്. വനവിസ്തൃതി കൂടിയ ഇവിടെ ജനസാന്ദ്രത 254 ആണ്. 1972 ജനുവരി 26 മുതൽ 1975 ഓഗസ്റ്റ് 19 വരെ തുടർന്ന ആദ്യ കലക്ടറായ ഡോ.ഡി. ബാബുപോൾ മുതൽ 40 കലക്ടർമാർ ജില്ലയിൽ സേവനമനുഷ്ഠിച്ചു. 40–ാമത്തെ കലക്ടറാണ് നിലവിൽ തുടരുന്ന ഷീബാ ജോർജ്.
കൃഷിയുടെ പറുദീസ
ആദ്യകാലത്ത് ഭക്ഷ്യ വിളകളാണ് കൂടുതലായി കൃഷി ചെയ്തിരുന്നതെങ്കിൽ പിന്നീട് കുരുമുളക്, ഏലം, തേയില, കാപ്പി, ജാതി, തെങ്ങ്, റബർ തുടങ്ങിയ സമ്മിശ്ര കൃഷിയാൽ സമൃദ്ധമാണ് ഇന്ന് ഇടുക്കി. സംസ്ഥാനത്ത് വെളുത്തുള്ളി കൃഷി ചെയ്യുന്ന ഏക ജില്ലയെന്ന ഖ്യാതിയും ഭൗമസൂചികാ പദവി ലഭിച്ച മറയൂർ ശർക്കരയും ഇടുക്കിയുടെ സവിശേഷതകളാണ്.
ലോകത്തിലെ രണ്ടാമത്തെയും ഏഷ്യയിലെ ഏറ്റവും ഉയരമുള്ളതുമായ ഇടുക്കി ആർച്ച് ഡാം, മൂന്നാർ, തേക്കടി, വാഗമൺ, വരയാടുകളുടെ സംരക്ഷിതകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനം, നിലയ്ക്കാതെ വീശുന്ന കാറ്റും തമിഴ്നാടിന്റെ ദൃശ്യഭംഗിയും ആസ്വദിക്കാവുന്ന രാമക്കൽമേട്, പാഞ്ചാലിമേട്, ആനയിറങ്കൽ, മാട്ടുപ്പെട്ടി, തൂവൽ, തൂവാനം, കുത്തുങ്കൽ വെള്ളച്ചാട്ടങ്ങൾ, അരുവിക്കുഴി തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ ടൂറിസം കേന്ദ്രങ്ങളാണ് ഇടുക്കിയിലുള്ളത്.
തുടരണം വികസനം
വിദ്യാഭ്യാസ, ആരോഗ്യ രംഗത്തും മികച്ച പുരോഗതിയാണ് ജില്ല കൈവരിച്ചത്. തൊടുപുഴ, കട്ടപ്പന എന്നീ വിദ്യാഭ്യാസ ജില്ലകളിലായി 478 സ്കൂളുകൾ ജില്ലയിൽ ഉണ്ട്. സംസ്ഥാനത്തെ ഏക സർക്കാർ ഇംഗ്ലിഷ് മീഡിയം സ്കൂളായ ഗാന്ധിജി ഇംഗ്ലിഷ് മീഡിയം സ്കൂളും ജില്ലയിലെ ഇരട്ടയാർ പഞ്ചായത്തിലാണ്. സർക്കാർ, എയ്ഡഡ് ഉടമസ്ഥതയിലായി ഒട്ടേറെ കോളജുകളും ജില്ലയിൽ പ്രവർത്തിച്ചുവരുന്നു.
ജില്ലാ ആസ്ഥാനത്ത് മെഡിക്കൽ കോളജ്, ജില്ലാ ആശുപത്രി, നാല് താലൂക്ക് ആശുപത്രികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമടങ്ങുന്ന സർക്കാർ ആതുരാലയങ്ങൾ, ചെറുതും വലുതുമായ സ്വകാര്യ ആശുപത്രികൾ, ആയുർവേദ, ഹോമിയോ ആശുപത്രികൾ എന്നിവയെല്ലാം ആരോഗ്യരംഗത്ത് കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
2018ലും 2019ലും ഉണ്ടായ അപ്രതീക്ഷിത പ്രളയവും ഇപ്പോഴും തുടരുന്ന കോവിഡും ജില്ലയുടെ വികസന ചക്രം പിറകോട്ടു തിരിക്കാൻ പോന്നതാണെങ്കിലും റീബിൽഡ് കേരള പദ്ധതിയും നവകേരളത്തിന്റെ നാലു യജ്ഞങ്ങളും കാരിരുമ്പിന്റെ കരുത്തുള്ള കർഷക മനസ്സിന്റെ അതിജീവന പോരാട്ടവുമെല്ലാം ഇടുക്കിയുടെ കുതിപ്പിന് കോട്ടം തട്ടാതെ മുന്നോട്ടു നയിക്കുന്നു.
∙ ‘കേരളത്തിന്റെ മനസ്സിൽ എന്നും പ്രത്യേക ഇടമുളള നാടും ജനതയുമാണ് ഇടുക്കിയിലേത്. എന്നും കരുതലോടെ മാത്രമേ ആ നാടിനെ ആരും കണ്ടിട്ടുള്ളൂ. ആ കരുതൽ ഇന്നുമുണ്ട്, എന്നും ഉണ്ടാകും.’ – മുഖ്യമന്ത്രി പിണറായി വിജയൻ