കാടിനു നടുവിലെ ഗോത്രനാട്; ആചാരങ്ങൾ കൈവിടാത്ത ഇടമലക്കുടിയുടെ കഥ
പൈതൃകമായ ആചാരങ്ങൾ ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നവരാണ് ഇടമലക്കുടിയിലെ മുതുവ സമുദായം. ആദിവാസിക്കുടിയുടെ കാരണവരാണ് ഉൗരുമൂപ്പൻ. ഓരോ കുടിക്കും (ഉൗരിനും) ഒരു മൂപ്പനുണ്ട്. കാടിനുള്ളിലെ മുഖ്യന്യായാധിപൻ കൂടിയാണ് ഇദ്ദേഹം. മൂപ്പന്റെ തീരുമാനങ്ങൾക്ക് അപ്പീലില്ല. പഞ്ചായം എന്ന പേരിലാണ് ഇടമലക്കുടിയിലെ ഊരുകൂട്ടങ്ങൾ അറിയപ്പെടുന്നത്. നേതൃപാടവവും ജനപിന്തുണയുമാണ് ഉൗരുമൂപ്പനാകാനുള്ള മുഖ്യമാനദണ്ഡം. ഓരോകുടിക്കും ഓരോ ക്ഷേത്രം വീതമുണ്ട്. ഭദ്രകാളി, ഗണപതി, മുരുകൻ തുടങ്ങിയവയാണു ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കൂത്തും പാട്ടുമാണ് ഉത്സവത്തിനോടനുബന്ധിച്ചുള്ള പ്രധാന ആഘോഷങ്ങൾ.
പുരുഷൻമാർ കോമാളി വേഷത്തിൽ അണിനിരന്നുള്ള അഗ്നിനൃത്തവുമുണ്ട്. തൈമാസം ഒന്നിനു നടക്കുന്ന പൊങ്കലാണ് പ്രധാന ഉത്സവം. 10 ദിവസം നീളുന്നതാണു ഉത്സവപരിപാടികൾ. വനത്തെ ദൈവമായി കാണുകയും ആരാധിക്കുകയും ചെയ്യുന്ന ഇവരുടെ എല്ലാ പ്രാർഥനകളും വനവുമായി ബന്ധപ്പെടുത്തിയാണ്. തലയിലെ കെട്ടിലൂടെ മുതുവാൻമാരെ തിരിച്ചറിയാം. മരണാനന്തര ചടങ്ങുകളിലും മൃതദേഹങ്ങൾ കാണുന്ന അവസരത്തിലുമൊക്കെയാണ് ഇവർ തലയിലെ കെട്ടുകൾ മാറ്റുക. 10 വയസ്സു പൂർത്തിയാകുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും പ്രായപൂർത്തിയായെന്നു അറിയിക്കുന്ന ചടങ്ങുമുണ്ട്. ആൺകുട്ടികൾക്ക് ഉറുമാൽകെട്ടും പെൺകുട്ടികൾക്കു കൊണ്ട കെട്ടുംചടങ്ങുമാണുണ്ടാകുക.
സ്‌ത്രീകളുടെ വസ്‌ത്രധാരണരീതി വ്യത്യസ്തമാണ്. ഋതുമതികളായ പെൺകുട്ടികൾക്കും വിവാഹിതരായവർക്കും പ്രത്യേകരീതിയിലുള്ള വസ്‌ത്രധാരണമാണ്. സാരിയാണു വേഷമെങ്കിലും അത് ഉടുക്കുന്നതിലെ പ്രത്യേകതകൊണ്ട് അവിവാഹിതരെയും വിവാഹിതരെയും തിരിച്ചറിയാനാകും. പെൺകുട്ടികൾ പാവാടയും ബ്ലൗസും ധരിക്കുന്നു. ആൺകുട്ടികൾ നിക്കറും ഷർട്ടും ചിലപ്പോൾ പാന്റ്സും. മുതിർന്നവർ മുണ്ടും കൈലിയും ഷർട്ടുമാണു ധരിക്കുന്നത്. കാതിലെ കടുക്കനും മുതുവ സമൂഹത്തിന്റെ പ്രത്യേകതയാണ്. കട്ടൻ ചായയും വെറ്റില മുറുക്കും ഇവരുടെ ഒഴിവാക്കാനാകാത്ത ശീലങ്ങൾ.
മൺവീടുകൾ:ഈറ്റയും മുളയും കല്ലും മണ്ണുമാണ് ഇവർ വീടുനിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ. മൺതറയാണ് വീടുകൾക്കുള്ളത്. ഭിത്തിനിർമാണം ഈറ്റയുടെയോ മുളയുടെയോ അഴികൊണ്ടാണ്. അഴികൾക്കിടയിൽ ചെറിയ കല്ലുകൾ പാകും. അതിനു മുകളിൽ ചെളിമണ്ണ് തേച്ചുപിടിപ്പിക്കും. മേൽക്കൂര ഈറ്റക്കമ്പുകൾ കൊണ്ടോ മുളംകമ്പുകൾകൊണ്ടോ ആണു തയാറാക്കുക. ഈറ്റയിലകൾകൊണ്ടു മേയും. വീടുകൾക്കു മറയായി ഈറ്റയിലും പുല്ലിലും മതിലുകൾ കെട്ടും. കാട്ടുപുല്ലുകൊണ്ടു മേഞ്ഞ വീടുകളും ഇവിടെയുണ്ട്.
വിദ്യാലയം:ഇടമലക്കുടി പഞ്ചായത്തിലെ 24 കുടികളിലെ കുട്ടികൾക്കായി ഒരേയൊരു സർക്കാർ സ്കൂൾ മാത്രമാണു പഞ്ചായത്തിലുള്ളത്. പഞ്ചായത്തിന്റെ ആസ്ഥാനമായ സൊസൈറ്റിക്കുടിയിലാണ് ഇടമലക്കുടി ഗവ. ട്രൈബൽ എൽപിഎസ് എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 145 വിദ്യാർഥികളുള്ള ഇവിടെ പ്രധാനാധ്യാപകനുൾപ്പെടെ 5 പേരുണ്ട്. 1972ൽ ആണ് ട്രൈബൽ എൽപിഎസ് നിലവിൽ വന്നത്. എന്നാൽ പലപ്പോഴും അധ്യാപകർ എത്താൻ മടിച്ചതിനാൽ സ്കൂളിന്റെ പ്രവർത്തനം താളംതെറ്റി. ചിന്നിച്ചിതറിക്കിടക്കുന്ന മറ്റു കുടികളിലെ കുട്ടികൾക്കായി 13 ബദൽ വിദ്യാലയങ്ങളുണ്ട്. ഇവ ഐടിഡിപിയുടെയും മൾട്ടി ഗ്രേഡ് ലേണിങ് സെന്ററിന്റെയും (എംജിഎൽസി) കീഴിലാണു പ്രവർത്തിക്കുന്നത്. ഇതുകൂടാതെ 10 അങ്കണവാടികളുമുണ്ട്.
ചികിത്സ:പ്രാഥമികാരോഗ്യ കേന്ദ്രമില്ലാത്ത സംസ്ഥാനത്തെ ഏക പഞ്ചായത്തും ഇടമലക്കുടിയാണ്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ പിഎച്ച്സിക്കു കെട്ടിടം നിർമിച്ചെങ്കിലും ഡോക്ടർമാരെയോ മറ്റു ജീവനക്കാരെയോ ഇതുവരെ നിയമിച്ചിട്ടില്ല. സൊസൈറ്റിക്കുടിയിൽ പ്രവർത്തിച്ചിരുന്ന ആരോഗ്യ ഉപകേന്ദ്രമാണ് ഇപ്പോൾ ഈ പുതിയ പിഎച്ച്സി കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. പ്രായമായ ഒട്ടേറെ രോഗികൾ ഇടമലക്കുടിയിലുണ്ടെങ്കിലും ഇവർക്ക് വിദഗ്ധ ചികിത്സ നൽകാൻ ഒരു സംവിധാനവും നിലവിൽ ഇടമലക്കുടിയിൽ ഇല്ല.
ഇടമലക്കുടിയിൽ ടെലിമെഡിസിൻ സംവിധാനം സജ്ജമാക്കുമെന്നു വർഷങ്ങൾക്കു മുൻപു പ്രഖ്യാപനമുണ്ടായെങ്കിലും അതും കടലാസിലൊതുങ്ങി. പ്രാഥമികാരോഗ്യകേന്ദ്രം സജ്ജമാക്കുന്നതിനായി മുൻപു സർക്കാർ തീരുമാനമെടുത്ത് ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് തുടങ്ങിയ തസ്തിക സൃഷ്ടിച്ചെങ്കിലും അതും നടപ്പായില്ല. കഴിഞ്ഞമാസം 2 ഡോക്ടർമാരെ പിഎസ്‌സി വഴി നിയമിച്ചെങ്കിലും അവർ ചുമതലയേൽക്കാൻ തയാറായില്ല. ഇടമലക്കുടിയിലേക്കുള്ള യാത്ര ദുർഘടമായതിനാൽ ഇവിടെ സേവനമനുഷ്ഠിക്കാൻ ആരും തയാറുമല്ല.