തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിന് പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തനരൂപരേഖ തയ്യാറാക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി ടൂറിസം വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. തേക്കടി ടൂറിസം കേന്ദ്രം പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ തേക്കടിയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്ന് യോഗം വിലയിരുത്തി.
നവീനമായ വിനോദസഞ്ചാര പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. പാര്‍ക്ക് വിപുലീകരിക്കാനുള്ള സാധ്യത പരിശോധിക്കും. ഡെസ്റ്റിനേഷന്‍ പരിചയപ്പെടുത്തുന്ന സൗഹൃദ യാത്ര നടത്തുന്നതിന് വകുപ്പ് മുന്‍കൈ എടുക്കും.
മാലിന്യ നിര്‍മ്മാര്‍ജനം, പാര്‍ക്കിംഗ് എന്നീ വിഷയങ്ങളില്‍ പ്രായോഗികമായ നടപടികള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഗൈഡുമാര്‍ക്കും ട്രെയിനിംഗ് നല്‍കാനും പദ്ധതി നടപ്പാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. വനംവകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ടൂറിസം ഡയറക്ടര്‍ വി.ആര്‍ കൃഷ്ണ തേജ, ടൂറിസം മേഖലയിലെ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.