ധീരജ് വധം: ഒരാൾ കൂടി അറസ്റ്റിൽ;കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി
ഇടുക്കി ഗവ. എൻജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വെള്ളയാംകുടി പൊട്ടനാനിയിൽ അലൻ ബേബിയുമാണു പിടിയിലായത്. കേസിലെ പ്രധാന പ്രതികളായ ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ എന്നിവരെ കടന്നുകളയാൻ സഹായിച്ചതിനാണ് അലൻ ബേബിയെ അറസ്റ്റ് ചെയ്തത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കസ്റ്റഡിയിലുള്ള പ്രതികളുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഇടുക്കി കലക്ടറേറ്റിനു മുന്നിലുള്ള വനമേഖലയിൽ കത്തി ഉപേക്ഷിച്ചെന്നാണ് നിഖിൽ പൈലി പൊലീസിനോടു പറഞ്ഞിരുന്നത്. വൈകിട്ട് നിഖിൽ പൈലി, ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, നിതിൻ ലൂക്കോസ്, ടോണി തേക്കിലക്കാടൻ എന്നിവരെ എൻജിനീയറിങ് കോളജ് പരിസരത്തും ജില്ലാ പഞ്ചായത്ത് വളപ്പിലും എത്തിച്ചു തെളിവെടുപ്പ് നടത്തി. എന്നാൽ കത്തി ഇതുവരെ കണ്ടെത്താനായില്ല.