നടുവൊടിക്കുന്ന യാത്രയിത്
ഉപ്പുതറ: തേക്കടി-കൊച്ചി സംസ്ഥാനപാതയുടെ ഭാഗമായ വാഗമൺ-വളകോട്-ഉപ്പുതറ-പരപ്പ് റോഡിന്റെ നിർമാണം ഇഴയുന്നു. ഐറിഷ് ഓട ഉൾപ്പെടെ ബി.എം.ബി.സി. മാതൃകയിൽ വാഗമൺമുതൽ പരപ്പ്‌വരെ റോഡ് വീതി കൂട്ടി ടാറിങ് നടത്താൻ 2019-ൽ 22.50 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.ഇതിന്റെ നിർമാണം 2020 ജൂൺ ഒൻപതിന് തുടങ്ങുകയും ചെയ്തു. എന്നാൽ, ഇഴഞ്ഞുനീങ്ങിയ ടാറിങ് ഒരുവർഷം മുൻപ് മത്തായിപ്പാറയ്ക്ക് സമീപം നിർത്തുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയാണ് ടാറിങ് നിർത്താൻ കാരണമായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരനും പറഞ്ഞത്.
എന്നാൽ, കാലാവസ്ഥ അനുകൂലമായി മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങാൻ തയ്യാറായില്ല. പ്രതിഷേധം ശക്തമായതോടെ രണ്ടാഴ്ച മുൻപ് വീണ്ടും ടാറിങ് തുടങ്ങി. എന്നാൽ, നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്.ഇതിനുശേഷമുള്ള ഭാഗം ടാറിങ് പൊളിഞ്ഞ് കുണ്ടുംകുഴിയുമായി കിടക്കുകയാണ്. ആശുപത്രിപ്പടി-ഉപ്പുതറ-പരപ്പ് മൂന്നുകിലോമീറ്റർ ദൂരത്തിൽ ഒരുവിധത്തിലും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഇളകിക്കിടക്കുന്ന മെറ്റലിൽ തെന്നി ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും വീണ് പരിക്കേൽക്കുന്നത് നിത്യസംഭവമാണ്. അതിനിടെ പരാതി വ്യാപകമായതോടെ നടത്തിയ കുഴിയടയ്ക്കലും പ്രഹസനമായി.
പണി തുടങ്ങിയെങ്കിലും പലയിടങ്ങളിലും എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ വീതികൂട്ടൽ നടത്തുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. സ്ഥലം വിട്ടുനൽകാൻ പലരും തയ്യാറാകുന്നിെല്ലന്നാണ് കാരണമായി അധികൃതർ പറയുന്നത്. എന്നാൽ, ഉപ്പുതറ-പരപ്പ് ഭാഗം ഇരുവശങ്ങളിലേക്കും നാലുമീറ്റർ വീതിയിൽ ഭൂമി വിട്ടുനൽകാൻ ജനപ്രതിനിധികൾ വിളിച്ചുചേർത്ത നാട്ടുകാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ, ഇവിടെയും വീതി കൂട്ടുന്നില്ലെന്നാണ് സൂചന. ഉപ്പുതറ ടൗണിൽ ഓട നിർമിക്കാനും നടപടിയില്ല. ഓട നിർമിച്ച് റോഡ് വീതി കൂട്ടി ടാറിങ് വേഗത്തിൽ പൂർത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.