ദേവികുളം ഇനി നക്ഷത്ര തിളക്കത്തിൽ
ദേവികുളം : 42 വർഷം ഭാർഗവീനിലയം പോലെ കിടന്ന കെട്ടിടത്തിന്റെ സ്ഥാനത്ത് ഇനി ആഡംബര ഹോട്ടൽ ഉയരും. താലൂക്ക് ആസ്ഥാനമായ ദേവികുളം ടൗണിന്റെ ഹൃദയഭാഗത്ത് ആർഡിഒ ഓഫിസിന് എതിർവശം കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള 17.5 സെന്റ് സ്ഥലത്താണു പുതിയ ഫോർ സ്റ്റാർ ഹോട്ടൽ പണിയാൻ നടപടി തുടങ്ങിയത്. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി കെഎസ്ആർടിസിക്കു വരുമാനമായി മാറ്റുന്ന ബിഒടി പദ്ധതിയിൽ പെടുത്തിയാണു നക്ഷത്ര ഹോട്ടൽ നിർമിക്കുന്നത്.
1982ലാണു കെഎസ്ആർടിസി മൂന്നാറിൽ ഡിപ്പോ ആരംഭിച്ചത്. അതിനു രണ്ടു വർഷം മുൻപു വരെ ദേവികുളത്തെ ഈ സ്ഥലവും ഷെഡും ആയിരുന്നു ഇവിടത്തെ കെഎസ്ആർടിസിയുടെ ആസ്ഥാനം. രണ്ടു ബസുകൾ നിർത്തിയിടാൻ സ്ഥലവും ജീവനക്കാർക്കു താമസിക്കാൻ രണ്ടു മുറികളും അടങ്ങിയതായിരുന്നു ഇവിടെയുള്ള കെട്ടിടം. ഇത് ഇപ്പോൾ തകർന്നും കാടു കയറിയും കിടക്കുന്നു.എംഡി ബിജു പ്രഭാകറിന്റെ പ്രത്യേക താൽപര്യപ്രകാരം ഒരു വർഷം മുൻപു സബ് കലക്ടറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തുകയും അളന്നു തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഇവിടെ 10 ആഡംബര മുറികളും ഭക്ഷണശാലയും ഉൾപ്പെടെ 4 നക്ഷത്രപദവിയിലുള്ള ഹോട്ടൽ പണിയാനാണു കഴിഞ്ഞ ദിവസം കെഎസ്ആർടിസി താൽപര്യപത്രം ക്ഷണിച്ചത്. പദ്ധതി യാഥാർഥ്യമായാൽ ദേവികുളത്തിന്റെ മുഖഛായ മാറാൻ അതുപകരിക്കും.