കോടതി ഇടപെട്ടു;സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുമളി ടൗണിൽ സ്വാഗതസംഘം ഓഫിസിനായി സ്ഥാപിച്ചിരുന്ന വള്ളം നീക്കം ചെയ്യുന്നു
കുമളി ∙ കോടതി ഇടപെട്ടു, സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുമളി ടൗണിൽ സ്വാഗതസംഘം ഓഫിസിനായി സ്ഥാപിച്ചിരുന്ന വള്ളം നീക്കം ചെയ്യുന്നു. ജനുവരി 3 മുതൽ കുമളിയിൽ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായാണു കുമളി ലോക്കൽ കമ്മിറ്റി ടൗണിൽ കുളത്തുപാലത്തു വള്ളത്തിനുള്ളിൽ ഓഫിസ് തുറന്നത്. രണ്ടര ലക്ഷം രൂപയോളം മുടക്കി ആലപ്പുഴയിൽ നിന്നാണ് ഇതിനായി വള്ളം എത്തിച്ചത്. കഴിഞ്ഞ ദിവസമാണ് സ്വാഗത സംഘം ഓഫിസ് പ്രവർത്തനമാരംഭിച്ചത്.
സ്വാഗതസംഘം ഓഫിസിന് പുതുമ എന്നു മാത്രമാണു നേതാക്കൾ ചിന്തിച്ചത്. എന്നാൽ ശബരിമല തീർഥാടകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന വിധത്തിലാണു വള്ളം സ്ഥാപിച്ചിരിക്കുന്നതെന്നു കാട്ടി ചിലർ കോടതിയെ സമീപിച്ചു. തുടർന്ന് ഇതു നീക്കം ചെയ്യാൻ കോടതി നിർദേശം നൽകി. വിവാദത്തിനില്ലെന്നും കോടതി നിർദേശം അംഗീകരിച്ച് വള്ളം നീക്കം ചെയ്യുകയാണെന്നും സിപിഎം കുമളി ലോക്കൽ സെക്രട്ടറി വി.ഐ.സിംസൺ പറഞ്ഞു.