നാട്ടുവാര്‍ത്തകള്‍
പ്ലാസ്റ്റിക് മാലിന്യം ‘നാടുകടത്തി’ കട്ടപ്പന നഗരസഭ
കട്ടപ്പന : നഗരസഭാ പരിധിയിലെ വീടുകളിൽനിന്ന് ഹരിത കർമസേനാംഗങ്ങൾ ശേഖരിച്ച 1100 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവ വസ്തുക്കളും ക്ലീൻ കേരള കമ്പനിക്ക് കൈമാറി. നെടിയശാലയിലെ ക്ലീൻകേരള കമ്പനിയുടെ ഗോഡൗണിലേക്ക് മാലിന്യങ്ങളുമായി പുറപ്പെട്ട വാഹനം നഗരസഭാധ്യക്ഷ ബീന ജോബി ഫ്ളാഗ് ഓഫ് ചെയ്തു.
നഗരസഭയിലെ 34 വാർഡുകളിൽ 65 ഹരിത കർമ സേനാംഗങ്ങളാണ് മാലിന്യം ശേഖരിക്കുന്നത്. നഗരസഭ ആദ്യമായാണ് ഹരിത കർമേസന ഏറ്റെടുത്ത പാഴ് വസ്തുക്കൾ 22 ഇനങ്ങളായി തരം തിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നത്. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സാലി കുര്യാക്കോസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ, അനുപ്രിയ, സൗമ്യ, ഹരിത കേരളം ആർ.പി. എബി, ഹരിത കർമ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.