ആയിരങ്ങൾ ഒഴുകിയെത്തി; പി.ടി.ക്ക് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
കണ്ണീരിൽ കുതിർന്നെങ്കിലും ഉച്ചത്തിലായിരുന്നു മുദ്രാവാക്യംവിളികൾ. സ്നേഹിക്കുന്നവർക്കിടയിൽ പി.ടി.കിടന്നു. ആദ്യമായിട്ടാകും മുദ്രാവാക്യം വിളികൾക്കിടയിൽ പി.ടി. ഇങ്ങനെ നിശ്ചലനായി കിടക്കുന്നത്. വികാര നിർഭരമായാണ് ഇടുക്കിക്കാർ തങ്ങളുടെ സ്വന്തം പി.ടി.യെ യാത്രയാക്കിയത്.
ആയിരങ്ങൾ ഒഴുകിയെത്തി
പി.ടി.തോമസിന്റെ ഭൗതികശരീരം വഹിച്ചുള്ള ആംബുലൻസ് വ്യാഴാഴ്ച പുലർച്ചെ 2.10-നാണ് കമ്പംമെട്ട് ചെക്ക്പോസ്റ്റിലെത്തിയത്. നൂറുകണക്കിന് പ്രവർത്തകരാണ് ഇവിടെ കാത്തുനിന്നത്. തുടർന്ന് ജന്മനാടായ ഉപ്പുതോട്ടിലേക്ക്. കടന്നുവന്ന വഴികളിലെല്ലാം നാട്ടുകാർ നേതാവിനെ കാണാൻ കാത്തുനിന്നു. നാലരയോടെ കുടുംബവീടായ പുതിയാപറമ്പിൽ വീട്ടിൽ പൊതുദർശനം.
ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിനുപേരാണ് പ്രിയ നേതാവിനെ ഒരുനോക്കു കാണാനായി വൈകിയവേളയിലും അവിടെ കാത്തുനിന്നത്.
വീടിന്റെ ഒരുകിലോമീറ്റർ ചുറ്റളവിൽ വാഹനങ്ങൾ നിറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമന്യേ ആളുകളെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. പലരും വാഹനം ദൂരെയിട്ട് നടന്നെത്തി.
ഡി.സി.സി. പ്രസിഡന്റ് സി.പി.മാത്യു, ഡീൻ കുര്യാക്കോസ് എം.പി., കെ.പി.സി.സി. സെക്രട്ടറി അഡ്വ. എസ്.അശോകൻ ഉൾപ്പെടെയുള്ളവർ ബുധനാഴ്ച ഉച്ചയോടെയെത്തി പൊതുദർശനത്തിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. എം.എൽ.എ.മാരായ മാത്യു കുഴൽനാടൻ, ഷാഫി പറമ്പിൽ, മുൻ എം.എൽ.എ. വി.പി.സജീന്ദ്രൻ, ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ, പാലാ ബിഷപ്പ് മാർ ജോർജ് കല്ലറങ്ങാട്ട്, സി.എസ്.ഐ. ഈസ്റ്റ് കേരള മഹാഇടവക ബിഷപ്പ്, സി.എസ്.ഫ്രാൻസിസ്, ഉപ്പുതോട് പള്ളി വികാരി ഫാ. ഫിലിപ്പ് പെരുന്നാട്ട്. അഡ്വ. ഇ.എം.ആഗസ്തി, എ.പി.ഉസ്മാൻ, റോയ് കെ.പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ എം.എൻ.ഗോപി, രാജി ചന്ദ്രൻ, ഷൈനി സജി, ജോസ് ഊരക്കാട്ട്, കെ.ബി.സെൽവം, ബിജോ മാണി, എം.ഡി.അർജുനൻ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.
വെളുപ്പിന് 5.20-ന് ഉപ്പുതോട്ടിൽനിന്ന് മൃതദേഹം ഇടുക്കി ഡി.സി.സി. ഓഫീസിലേക്ക് കൊണ്ടുപോയി. അപ്പോഴും വയലാറിന്റെ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം…’ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.
തൊടുപുഴയുടെ സ്വന്തം
ഡി.സി.സി. ഓഫീസിൽനിന്ന് നേരേ തൊടുപുഴ രാജീവ്‌ഭവനിലേക്കാണ് പി.ടി.യെ കൊണ്ടുവന്നത്. പി.ടി.യുടെ സ്വന്തം തട്ടകത്തിൽ വികാരനിർഭരമായ യാത്രയയപ്പാണ് അദ്ദേഹത്തിന് ലഭിച്ചത്. പ്രതിസന്ധി സമയത്തും പി.ടി.ക്കൊപ്പം എന്നും കൂടെയുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.എൽ.അക്ബർ ഉൾപ്പെടെയുള്ളവർ കണ്ഠമിടറി മുദ്രാവാക്യം മുഴക്കിയത് നൊമ്പരക്കാഴ്ചയായി.
പി.ജെ.ജോസഫ് എം.എൽ.എ., മാണി സി.കാപ്പൻ എം.എൽ.എ., പി.സി.ജോസഫ്, ജോണി നെല്ലൂർ, ടി.എം.സലിം, ജോൺ നെടിയപാല, എൻ.ഐ.ബെന്നി, ജോഷി ജേക്കബ് തുടങ്ങിയ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു. എട്ടരയോടെ ജന്മനാട്ടിൽനിന്ന് അദ്ദേഹത്തെ എറണാകുളത്തേക്ക് കൊണ്ടുപോയി. തിരിച്ചുവരാത്തൊരു യാത്ര. പി.ടി. ഇനിയും ജീവിക്കും. ഇടുക്കിക്കാരുടെ ഓർമകളിൽ.