ഇടുക്കിക്ക് അൻപതാം പിറന്നാൾ സമ്മാനമായി 1001 ശിൽപങ്ങൾ; 50 വിദ്യാർഥികൾ ചേർന്നു 4 ദിവസം കൊണ്ടു നിർമാണം…
നെടുങ്കണ്ടം ∙ ഇടുക്കി ജില്ലയ്ക്ക് അൻപതാം ജന്മദിന സമ്മാനമായി 1001 ശിൽപങ്ങൾ ഒരുക്കി നെടുങ്കണ്ടം ബിഎഡ് കോളജ് വിദ്യാർഥികൾ. 2022 ജനുവരി 26നാണ് ജില്ല രൂപീകരിച്ചിട്ട് 50 വർഷം പൂർത്തിയാകുന്നത്. ഇതിനോട് അനുബന്ധിച്ചാണു ജില്ലയുടെ 2500 വർഷത്തെ ചരിത്രത്തെ വിശകലനം ചെയ്ത് ബിഎഡ് കോളജിൽ ചരിത്രമ്യൂസിയം ഒരുങ്ങുന്നത്. കോളജിലെ 50 വിദ്യാർഥികൾ ചേർന്നാണ് 1000 ശിൽപങ്ങൾ നിർമിക്കുന്നത്. 4 ദിവസം മുൻപ് ആരംഭിച്ച ശിൽപ നിർമാണം ഇന്ന് അവസാനിക്കും.
ശിൽപകലാ അധ്യാപകൻ അനൂപ്, കോളജ് പ്രിൻസിപ്പൽ ഡോ.രാജീവ് പുലിയൂർ എന്നിവരാണു ശിൽപ നിർമാണത്തിനു നേതൃത്വം നൽകുന്നത്. നന്നങ്ങാടി, ജില്ലയുടെ ഭൂപ്രകൃതി, ഇടുക്കി ഡാം, പ്രകൃതി ദൃശ്യങ്ങൾ, ജില്ലയിലെ പ്രധാന മേഖലകൾ എന്നിവയെ അടിസ്ഥാനമാക്കിയും ജലത്തിലും കരയിലും ആകാശത്തിലും കഴിയുന്ന വ്യത്യസ്ത ജീവികൾ എന്നിവയുടെ രൂപവുമാണ് 1001 ശിൽപങ്ങൾക്കുള്ളിലുള്ളത്. ജില്ല രൂപീകരിച്ച ജനുവരി 26ന് ശിൽപങ്ങളുടെ പ്രദർശനവും കോളജിൽ നടത്തും.
പ്രദർശനത്തിനു ശേഷം ജില്ലയ്ക്കു വേണ്ടി മാത്രം ഇവിടെ മ്യൂസിയം ഒരുക്കും. ചരിത്ര മ്യൂസിയം ഒരുക്കുന്നതിനു മുന്നോടിയായി നൃത്തം ചെയ്യുന്ന പെൺകുട്ടി എന്ന ശിൽപം കോളജിൽ നിർമിച്ചിരുന്നു. പുരാതന ഭാരതീയ സാംസ്‌കാരത്തിന്റെ പ്രതീകമാണ് ഈ ശിൽപം. ശിൽപത്തെ ഇടുക്കിയുടെ ഗോത്ര സാംസ്‌കാരവുമായി ചേർത്തു പുനരാവിഷ്‌കരിച്ചരിക്കുകയാണ് നെടുങ്കണ്ടം ബിഎഡ് കോളജിലെ ശിൽപകലാ അധ്യാപകൻ. 1926ലാണു ദ് ഡാൻസിങ് ഗേൾ എന്ന പുരാതന ശിൽപം കണ്ടെത്തിയത്.
സിന്ധു നദീതടസംസ്കാരത്തിന്റെ ഭാഗമായ മോഹൻജദാരോയിൽ നിന്നു കണ്ടെത്തിയതായിരുന്നു ശിൽപം. നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ ശിൽപത്തെ ഇടുക്കിയുടെ ഗോത്രസംസ്കാരവുമായി യോജിപ്പിച്ചാണു നെടുങ്കണ്ടം ബിഎഡ് കോളജിലെ ശിൽപകല അധ്യാപകനായ ജി. അനൂപ് പൂർത്തിയാക്കിയിരിക്കുന്നത്. ഏഴടി ഉയരത്തിൽ കോൺക്രീറ്റിലാണു ശിൽപം. ഇതോടൊപ്പം 1000 ശിൽപങ്ങൾ കൂടി നിർമിക്കുന്നതോടെ നെടുങ്കണ്ടം ബിഎഡ് കോളജ് ജില്ലയുടെ ചരിത്രപഠനത്തിന്റെ പ്രധാന ഭാഗമാകും.