യുവ വ്യവസായിയിൽനിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ എൻവയൺമെന്റ് എൻജിനീയർ എ. എം. ഹാരിസിന് കോടികളുടെ അനധികൃത സമ്പാദ്യം
‘പോളിസി എടുത്തിട്ട് ആത്മഹത്യ ചെയ്യ്’; അനധികൃത സമ്പാദ്യത്തിലും അന്വേഷണം
റബർ റീട്രെഡിങ് സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കുന്നതിനു യുവ വ്യവസായിയിൽനിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ എൻവയൺമെന്റ് എൻജിനീയർ എ. എം. ഹാരിസിന് കോടികളുടെ അനധികൃത സമ്പാദ്യം ഉണ്ടെന്ന് വിജിലൻസ് കണ്ടെത്തി. പണമായി 16.89 ലക്ഷം രൂപ ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തത് കൂടാതെ 17 ലക്ഷം രൂപ ഒരു ബാങ്കിൽ തന്നെ നിക്ഷേപമുണ്ട്.
ഇയാൾ ആലുവായിൽ താമസിച്ചിരുന്നത് ഒരു കോടി രൂപയിലധികം വില വരുന്ന ആഡംബര ഫ്ലാറ്റിലാണ്. ഇയാൾക്ക് പന്തളത്ത് സ്വന്തമായുള്ള 32 സെന്റ് സ്ഥലവും ഇരുനില വീടും കൂടാതെ തിരുവനന്തപുരം എൻജിനീയറിങ് കോളജിനു സമീപം 2000 ചതുരശ്ര അടി വിസ്തീർണമുള്ള വീടും ഉൾപ്പെടെ കോടികൾ മതിക്കും. അയാളുടെ അനധികൃത സമ്പാദ്യം കണ്ടെത്തുന്നതിനു ആദായ നികുതി വകുപ്പിന്റെ പരിശോധനയും വരും.
∙ അറസ്റ്റിലേക്ക് നയിച്ചത്
പാലാ –മൂവാറ്റുപുഴ റോഡ് അരികിൽ ടയർ റീട്രെഡിങ് വ്യവസായം നടത്തുന്ന പാലാ പ്രവിത്താനം സ്വദേശി ജോബിൻ സെബാസ്റ്റ്യനിൽ നിന്നാണ് എ.എം.ഹാരിസ് 25,000 രൂപ കൈക്കൂലി വാങ്ങിയത്. ലൈസൻസ് പുതുക്കുന്നതിന് 25,000 രൂപ ജില്ലാ ഓഫിസർ ആവശ്യപ്പെട്ടു. ലൈസൻസ് പുതുക്കാതെ സ്ഥാപനംനിന്നു പോകുന്ന സാഹചര്യത്തിലാണ് ജോബിൻ പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. കൈക്കൂലി ആവശ്യപ്പെടുന്ന വിഡിയോ ദൃശ്യവും ജോബിൻ വിജിലൻസിന് ഹാജരാക്കി.
ഇതോടെയാണ് വിജിലൻസ് എസ്പി വി.ജി. വിനോദ് കുമാർ ഡിവൈഎസ്പി കെ.എ വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഹാരിസിന് കെണി ഒരുക്കിയത്. ജോബിൻ കൈക്കൂലിയായി നൽകിയ നോട്ടുകളുടെ നമ്പർ വിജിലൻസ് രേഖപ്പെടുത്തി. കൈമാറിയ നോട്ടുകളിൽ ഫിനോഫ്തലിൻ പൊടി പുരട്ടി കൈക്കൂലിയായി നൽകുകയായിരുന്നു. ജില്ലാ ഓഫിസർ ഈ പണം വാങ്ങി മേശയ്ക്കു ഉള്ളിലേക്ക് ഇട്ടതിനു പിന്നാലെ പുറത്ത് കാത്തുനിന്ന വിജിലൻസ് സംഘം ഹാരിസിനെ അറസ്റ്റ് ചെയ്തു.
∙ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ കൈക്കൂലി
ജോബിൻ സെബാസ്റ്റ്യൻ 2016 ജൂൺ മാസത്തിലാണ് ഒരു കോടി രൂപ ചെലവിൽ ആധുനിക യന്ത്രസംവിധാനങ്ങളിൽ ടയർ റീട്രെഡിങ് സ്ഥാപനം തുടങ്ങിയത്. എന്നാൽ ഈ സ്ഥാപനത്തിൽ നിന്നുള്ള ശബ്ദ മലിനീകരണം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി കാണിച്ച് അയൽവാസി ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകി. ഈ പരാതിയിൽ അന്നത്തെ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി ശബ്ദ മലിനീകരണമില്ലെന്ന് റിപ്പോർട്ട് നൽകി.
എന്നാൽ അയൽവാസി കോടതിയിൽ കേസ് ഫയൽ ചെയ്തു. കോടതി നിർദേശപ്രകാരം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി തുടർച്ചയായി മൂന്നു ദിവസം യന്ത്രസഹായത്താൽ ശബ്ദതീവ്രത പരിശോധിച്ചു. എന്നാൽ ഇവിടെനിന്നുള്ള ശബ്ദ തീവ്രത ശബ്ദ മലിനീകരണത്തിനു താഴെയാണെന്നു കണ്ടെത്തിയതായി ജോബിൻ പറയുന്നു. എന്നാൽ ജില്ലാ എൻജിനീയർ ഈ റിപ്പോർട്ട് കോടതിയിൽ നൽകിയില്ല. ഇതുകൂടാതെ 24 മണിക്കൂറും പ്രവർത്തിക്കേണ്ട പ്ലാന്റിന്റെ സമയം പകൽ മാത്രമാക്കി മലിനീകരണ നിയന്ത്രണ ബോർഡ് വെട്ടിച്ചുരുക്കി.
റിപ്പോർട്ട് കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് ഉണ്ടായിരുന്ന ജില്ലാ എൻജിനീയർ ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പണം നൽകാത്തതിനാൽ കോടതിയിൽ റിപ്പോർട്ട് നൽകിയില്ല. 15 ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി റിപ്പോർട്ട് ആറ് മാസം പിന്നിട്ടിട്ടും ഹാജരാക്കാതെ വന്നതോടെ ജോബിൻ മലിനീകരണ നിയന്ത്രണ ബോർഡിനെതിരെ കോടതി അലക്ഷ്യ കേസ് ഫയൽ ചെയ്തു. ഈ കേസിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചു.
തുടർന്ന് ലൈസൻസ് പുതുക്കേണ്ട സമയം ആയി. ഈ സമയം അയൽവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭരണങ്ങാനം പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോയും നൽകി. ലൈസൻസ് പുതുക്കുന്നതിനായി സർട്ടിഫിക്കറ്റ് നൽകുന്നതിനു വീണ്ടും ജില്ലാ മലിനീകരണം നിയന്ത്രണ ഓഫിസിൽ അപേക്ഷ നൽകിയെങ്കിലും ഫീസ് ഈടാക്കാൻ ആദ്യം വിസമ്മതിച്ചു. എന്നാൽ വ്യവസായ മന്ത്രിയുടെ അദാലത്തിൽ അടക്കം പരാതി നൽകിയതോടെ ഫീസ് വാങ്ങാൻ തയാറായി. എന്നാൽ ലൈസൻസ് നൽകാതെ ഉദ്യോഗസ്ഥർ വീണ്ടും കാലതാമസം വരുത്തി. ലൈസൻസ് നൽകാൻ 25,000 രൂപ ആവശ്യപ്പെട്ടതോടെയാണ് ജോബിൻ വിജിലൻസിൽ പരാതി നൽകിയത്.
∙ ‘പോളിസി എടുത്തിട്ട് ആത്മഹത്യ ചെയ്യ്’
‘‘ഒരു നല്ല തുകയുടെ പോളിസി ചേർന്ന ശേഷം പരാതി നൽകിയ അയൽവാസിയുടെ പേര് എഴുതിവച്ച് ആത്മഹത്യ ചെയ്യ്, അപ്പോൾ ബാങ്ക് വായ്പ എഴുതി തള്ളും കുടുംബത്തിന് പണം ലഭിക്കുകയും പരാതി നൽകിയ അയൽവാസി അകത്താകുകയും ചെയ്യും.’’ ഹാരിസിന്റെ ഈ വാക്കുകളാണ് തന്നെ വിജിലൻസിനു മുന്നിൽ എത്തിച്ചതെന്ന് പരാതിക്കാരനായ ജോബിൻ പറയുന്നു. ഐടി കമ്പനിയിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ചാണ് സ്വന്തമായി ബിസിനസ് ആരംഭിച്ചതെന്നു ജോബിൻ പറയുന്നു.