സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ എൽഡിഎഫിന്റെ അവിശ്വാസം പാസായി;മൂന്നാറിനു പിന്നാലെ ചിന്നക്കനാലും കൈവിട്ട് യുഡിഎഫ്
ചിന്നക്കനാൽ ∙ മൂന്നാറിനു പിന്നാലെ ചിന്നക്കനാൽ പഞ്ചായത്തിലും യുഡിഎഫിനു ഭരണം നഷ്ടമായി. യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം 6 ന് എതിരെ 7 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പാസായി. പ്രസിഡന്റ് കോൺഗ്രസിലെ സിനി ബേബിക്കെതിരെ സിപിഎം അംഗം എ.പി.അശോകൻ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ സ്വതന്ത്ര അംഗം ഉൾപ്പെടെ 7 അംഗങ്ങൾ പിന്തുണച്ചു. തുടർന്ന് വൈസ് പ്രസിഡന്റ് കോൺഗ്രസിലെ ആർ.വള്ളിയമ്മാൾക്കെതിരെ സിപിഐ അംഗം ശ്രീദേവി അൻപുരാജ് അവതരിപ്പിച്ച അവിശ്വാസ പ്രമേയവും പാസായി.
ഇതോടെ ഒന്നര പതിറ്റാണ്ടിനു ശേഷം കോൺഗ്രസിന് ലഭിച്ച പഞ്ചായത്ത് ഭരണം നഷ്ടമായി. കോൺഗ്രസ് 6, സിപിഐ 4, സിപിഎം 2, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ സീറ്റ് നില. കഴിഞ്ഞ തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് സ്വതന്ത്ര അംഗം വിട്ടു നിന്നതോടെയാണ് നറുക്കെടുപ്പിൽ കോൺഗ്രസിലെ സിനി ബേബി പ്രസിഡന്റായത്. സ്വതന്ത്ര അംഗം സിപിഎമ്മിന്റെ പിന്തുണയോടെ വിജയിച്ച ആളാണെന്നും സിപിഐക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കാതിരിക്കാൻ വേണ്ടി സിപിഎം ശ്രമിച്ചു എന്നും ആരോപിച്ച് തുടർന്ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും സിപിഐ വിട്ടു നിന്നു.
അതോടെയാണ് കോൺഗ്രസിലെ ആർ. വള്ളിയമ്മാൾ വൈസ് പ്രസിഡന്റായത്. സിപിഐയും സിപിഎമ്മും തമ്മിലുള്ള ഭിന്നത മൂലമാണ് 7 അംഗങ്ങളുടെ പിന്തുണയുണ്ടായിട്ടും എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടു വരാൻ വൈകിയത്. ഇരുപാർട്ടികളുടെയും മേൽ ഘടകങ്ങൾ ഇടപെട്ടാണ് ഇപ്പോൾ അവിശ്വാസ പ്രമേയം കൊണ്ടു വന്നത്. അടുത്തു നടക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ സിപിഐക്ക് പ്രസിഡന്റ് സ്ഥാനവും സിപിഎമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിക്കുമെന്നാണു സൂചന.