സാധാരണ ജോലിക്കാര്‍ക്ക് 2 ലക്ഷത്തിന്റെ ആനുകൂല്യം; ഇ-ശ്രം പോര്‍ട്ടലില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം ?
അസംഘടിതമേഖലയിലെ തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഇ-ശ്രം. ഭാവിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കാനുദ്ദേശിക്കുന്ന ക്ഷേമ പദ്ധതികള്‍ ഇശ്രം പോര്‍ട്ടലിലൂടെയാണ് നല്‍കുക.
ഇഎസ്‌ഐ, ഇപിഎഫ്ഒ എന്നിവയുടെ പരിധിയില്‍ ഉള്‍പെടാത്ത തൊഴിലാളികളാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇഎസ്‌ഐ, ഇപിഎഫ്ഒ ആനുകൂല്യത്തിന് അര്‍ഹരല്ലാത്ത സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും, കൂലിപ്പണി ചെയ്യുന്നവര്‍ക്കും, മരപ്പണിക്കാര്‍ക്കും, കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്കുമെല്ലാം ഇതിനായി അപേക്ഷിക്കാം.
പ്രധാനമന്ത്രി സുരക്ഷ ഭീമ യോജനയുടെ രണ്ട് ലക്ഷത്തിന്റെ അപകട ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലഭിക്കുക.
ആവശ്യമായ കാര്യങ്ങള്‍
- ആധാര്‍ നമ്പര്‍
- ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍, ആധാറുമായി ഫോണ്‍ നമ്പര്‍ ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ അടുത്തുള്ള അക്ഷയ കേന്ദ്രമോ ആധാര്‍ എന്‍ റോള്‍ മെന്റ് കേന്ദ്രങ്ങളോ സന്ദര്‍ശിക്കുക.
- ജന്‍ധന്‍ ബാങ്ക് അക്കൗണ്ട്
- 16 വയസിനും 59 വയസിനും ഇടയില്‍ പ്രായം.
eshram.gov.in. എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
എങ്ങനെ രജിസ്റ്റര്‍ ചെയ്യാം ?
- www.eshram.gov.in. വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- ഹോം പേജിലെ ‘Register on eShram’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
- ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറും കാപ്ചയും നല്‍കി സെന്റ് ഒടിപി ക്ലിക്ക് ചെയ്യുക.
- ഒടിപി നല്‍കിയതിന് ശേഷം ആധാര്‍ നമ്പര്‍ നല്‍കുക. വീണ്ടും ഒടിപി നമ്പര്‍ നല്‍കുക.
- അപ്പോള്‍ നിങ്ങളുടെ ആധാറില്‍ നല്‍കിയിരിക്കുന്ന വ്യക്തിവിവരങ്ങള്‍ കാണാന്‍ സാധിക്കും.
- Continue To Enter Other Details ബട്ടന്‍ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന ഫോമില്‍ ചോദിക്കുന്ന അധിക വിവരങ്ങളും നോമിനിയുടെ വിവരങ്ങളും നല്‍കുക.
- Save & Continue Button ക്ലിക്ക് ചെയ്യുക.
- തുടര്‍ന്നു വരുന്ന പേജുകളില്‍, വിലാസം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം.
- ശേഷം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുക.
- ശേഷം നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് സബ്മിറ്റ് ചെയ്യുക.
- ഉടന്‍ തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ യുഎഎന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
Content Highlights: how to register on eshram portal government benefits for unorganized workers