22 മണിക്കൂർ നീണ്ട ജോലി; പടിയിൽ തലയടിച്ചു വീണ ASI മരിച്ചു; മരണത്തിലും മൂന്ന് പേരുടെ ജീവന് താങ്ങായി
കൊല്ലം: മണിക്കൂറുകൾ നീണ്ട ഡ്യൂട്ടിക്ക് ശേഷം പൊലീസ് സ്റ്റേഷന് പുറത്തേക്കിറങ്ങുന്നതിനിടെ പടിക്കെട്ടിൽ തലയടിച്ചു വീണു ചികിത്സയിലായിരുന്ന എഎസ്ഐ മരിച്ചു. എഴുകോൺ സ്റ്റേഷനിലെ എഎസ്ഐ പെരുമ്പുഴ അസീസി അറ്റോൺമെന്റ് ആശുപത്രിക്ക് സമീപം ശ്രീമതി വിലാസത്തിൽ ബി ശ്രീനിവാസൻ പിള്ള (47) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 7.30ന് എഴുകോൺ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ 9 നാണ് ശ്രീനിവാസൻപിള്ള ഡ്യൂട്ടിക്ക് കയറിയത്. ശനിയാഴ്ച രാവിലെ 9നു ജോലി കഴിഞ്ഞ് ഇറങ്ങാനിരിക്കുകയായിരുന്നു.
അതിനിടെ ഏഴര മണിയോടെ പുറത്തേക്ക് ഇറങ്ങവേ പടിക്കെട്ടിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മസ്തിഷ്കാഘാതം സംഭവിച്ചു.ശ്രീനിവാസൻ പിള്ള രണ്ടു വർഷമായി എഴുകോൺ സ്റ്റേഷനിൽ എഎസ്ഐ ആയി ജോലി ചെയ്യുകയായിരുന്നു. ബന്ധുക്കൾ സമ്മതമറിയിച്ചതിനെത്തുടർന്ന് വൃക്ക, കരൾ എന്നീ അവയവങ്ങൾ കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലേക്ക് ദാനം ചെയ്തു.