പുരയിടത്തിൽ കയറിയതിന് അയൽവാസി പശുക്കിടാവിനെ തല്ലിക്കൊന്നതായി പരാതി
കട്ടപ്പന :പുരയിടത്തിൽ കയറിയെന്നാരോപിച്ച് പശുക്കിടാവിനെ അയൽവാസി തല്ലിക്കൊന്നതായി പരാതി.ഞായറാഴ്ച്ച അണക്കര മൈലാടുംപാറയിലാണ് ദാരുണ സംഭവം.വയലിൽകരോട്ട് സണ്ണി കുര്യന്റെ പത്തു മാസം പ്രായമുള്ള പശുക്കിടാവിനെയാണ് അയൽവാസി അടിച്ച് പരിക്കേൽപ്പിച്ചതായി പരാതി ഉയർന്നത്.നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പശു ഇന്നലെ വൈകിട്ടോടെ ചത്തു. ക്ഷീരകർഷകനായ സണ്ണി കുര്യൻ ഞായറാഴ്ച്ച പശുക്കളെ പുല്ല് മേയാൻ വിട്ടിരുന്നു. വൈകിട്ട് നാല് മണിയോടെ തിരികെയെത്തിയപ്പോഴാണ് എഴുന്നേൽക്കാൻ കഴിയാത്ത നിലയിൽ പശുക്കിടാവിനെ കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് നട്ടെല്ലിന് സാരമായ പരിക്ക് പറ്റിയതായി കണ്ടത്.പിന്നീട് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അടിയേറ്റാണ് പരിക്ക് പറ്റിയതെന്ന് വ്യക്തമായത്.പിൻകാലുകൾ പൂർണ്ണമായും തളർന്ന പശു അവശതയിലായിരുന്നു.മരുന്നുകളോടും പ്രതികരിച്ചിരുന്നില്ല.കെട്ടിയിരുന്ന കയർ അഴിഞ്ഞ് അയൽവാസിയുടെ ഏലത്തോട്ടത്തിൽ കയറിയതാകാം ക്രൂരതയ്ക്ക് പിന്നിലെന്ന് കുടുംബം ആരോപിയ്ക്കുന്നുണ്ട്.സംഭവത്തിൽ മൃഗസംരക്ഷണ നിയമപ്രകാരം കേസെടുത്ത് വണ്ടൻമേട് പോലീസ് അന്വേഷണം ആരംഭിച്ചു.







































































































































