കാന്തല്ലൂർ–വട്ടവട മേഖലയുടെ കാർഷിക വികസനത്തിന് സമഗ്ര പദ്ധതി തയ്യാറാക്കും

വട്ടവട–കാന്തല്ലൂർ മേഖലയുടെ കാർഷിക വികസന സാധ്യതകൾ വിലയിരുത്തി സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി കൃഷി വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പ്രദേശത്ത് സന്ദർശനം നടത്തി. മേഖലയിലെ ശീതകാല പച്ചക്കറി കൃഷി, കൃഷിരീതികൾ, കർഷകർ നേരിടുന്ന പ്രശ്നങ്ങൾ, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ, പുതിയ പദ്ധതികൾക്കുള്ള സാധ്യതകൾ എന്നിവ നേരിട്ട് വിലയിരുത്തി വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. കൃഷിമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്.
വട്ടവട പഞ്ചായത്തിലെ വിവിധ കൃഷിയിടങ്ങൾ സന്ദർശിച്ച് കാർഷിക അടിസ്ഥാന സൗകര്യങ്ങളും കൃഷിയുടെ നിലവിലെ സ്ഥിതിയും വികസന സാധ്യതകളും സംഘം വിലയിരുത്തി. പഴത്തോട്ടം മേഖലയിലെ സുരേഷ് എന്ന കർഷകന്റെ ഹൈടെക് സ്ട്രോബെറി ഫാം സന്ദർശിച്ച സംഘം സ്ട്രോബെറി കൃഷിയുടെ രീതികൾ, ഉൽപാദന സാങ്കേതികവിദ്യകൾ, കൃഷിയുടെ സാധ്യതകൾ എന്നിവയെക്കുറിച്ച് ചോദിച്ചറിഞ്ഞു. സ്ട്രോബെറി കൃഷിയുമായി ബന്ധപ്പെടുത്തി ഫാം ടൂറിസം വികസിപ്പിക്കാനുള്ള സാധ്യതകളും സംഘം വിലയിരുത്തി. കൃഷിവകുപ്പിന്റെ ഉടമസ്ഥതയിലുള്ള പഴത്തോട്ടം മേഖലയിലെ 47 ഏക്കർ സ്ഥലവും സംഘം സന്ദർശിച്ചു. ഈ ഭൂമിയിൽ നടപ്പാക്കാൻ കഴിയുന്ന പുതിയ കാർഷിക പദ്ധതികളെക്കുറിച്ചും അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ചും വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർദേശങ്ങൾ അവതരിപ്പിച്ചു. ഭൂമിയുടെ കൃത്യമായ വിസ്തൃതി തിട്ടപ്പെടുത്തുന്നതിനായി റീസർവേ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ഡയറക്ടർ നിർദേശങ്ങൾ നൽകി.
കാർത്തികേയൻ എന്ന കർഷകന്റെ ശീതകാല പച്ചക്കറി കൃഷിയിടവും സംഘം സന്ദർശിച്ചു.
കാബേജ്, ക്യാരറ്റ്, ബട്ടർ ബീൻസ്, ഗ്രീൻപീസ്, ബീറ്റ്റൂട്ട് തുടങ്ങിയ വിളകളുടെ കൃഷിരീതികൾ, ഉൽപാദന സാധ്യതകൾ, കൃഷി നേരിടുന്ന വെല്ലുവിളികൾ എന്നിവ കർഷകൻ വിശദീകരിച്ചു.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ കീഴിൽ 2019-ൽ നിർമാണം പൂർത്തിയാക്കിയെങ്കിലും നിലവിൽ പ്രവർത്തനരഹിതമായ ഈർക്കാട് കാർഷിക വിപണന സമുച്ചയം സംഘം സന്ദർശിച്ചു. വിപണന കേന്ദ്രം പുനരാരംഭിച്ച് മേഖലയിലെ കർഷകർക്ക് പ്രയോജനകരമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ അഡീഷണൽ ഡയറക്ടർ (മാർക്കറ്റിംഗ്) എസ്. സിന്ധുവിന് ഡയറക്ടർ നിർദേശം നൽകി.
ഫീൽഡ് സന്ദർശനത്തിനുശേഷം വട്ടവട ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സൂര്യരാജിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികൾ, കർഷകർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കേര ഉദ്യോഗസ്ഥർ, ഹോർട്ടികോർപ്, വി.എഫ്.പി.സി.കെ. പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത യോഗം ചേർന്നു. കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളും ആവശ്യങ്ങളും ഉൾപ്പെടുത്തിയ നിവേദനം പഞ്ചായത്ത് പ്രസിഡന്റ് കൃഷി ഡയറക്ടർക്ക് സമർപ്പിച്ചു. കർഷകരുടെ പ്രശ്നങ്ങൾ ഡയറക്ടർ നേരിട്ട് കേൾക്കുകയും അവ പരിഹരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്തു. മേഖലയുടെ കാർഷിക വികസനത്തിനായി വിവിധ വകുപ്പുകളെ കൂടി ഏകോപിപ്പിച്ച് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ വിശദമായ പദ്ധതി തയ്യാറാക്കുമെന്ന് ഡയറക്ടർ അറിയിച്ചു.
കേര പദ്ധതിയിൽ കാന്തല്ലൂർ–വട്ടവട മേഖലയ്ക്കായി ഉൾപ്പെടുത്താൻ കഴിയുന്ന പദ്ധതികളും പ്രവർത്തനങ്ങളും സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ലോകബാങ്ക് ഉൾപ്പെടെയുള്ള ധനസഹായ സാധ്യതകൾ പ്രയോജനപ്പെടുത്തി പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കും. മേഖലയുടെ കാർഷിക വികസനത്തിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് ഡയറക്ടർ നിർദേശം നൽകി.
അഡീഷണൽ ഡയറക്ടർ (മാർക്കറ്റിംഗ്) എസ്. സിന്ധു ., ഡെപ്യൂട്ടി ഡയറക്ടർ (മാർക്കറ്റിംഗ്) പമില, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് ജോബി എം. ജോസഫ്, കേര ഡെപ്യൂട്ടി റീജിയണൽ പ്രോജക്ട് മാനേജർ ടി. സജീവ് , കേര പ്രോജക്ട് മാനേജർ എസ്.നിതീഷ് ബാബു, ജെ. ജയന്തി, ലിനറ്റ് ജോർജ്, സി.കെ. ജിജ , ലിറ്റി തോമസ് എന്നിവർ പങ്കെടുത്തു.

















































































































































