മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷൻ നിർമാണം വനംവകുപ്പ് തടഞ്ഞു
കുമളി ∙ റിസർവ് ഫോറസ്റ്റിൽ അനധികൃത നിർമാണം നടത്തുന്നുവെന്നാരോപിച്ച് മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷൻ പണി വനംവകുപ്പ് തടഞ്ഞു. റിസർവ് വനമായി പ്രഖ്യാപിക്കാൻ 2017ൽ വിജ്ഞാപനം ചെയ്ത സ്ഥലമാണിവിടം. അവിടെയാണ് ഇടുക്കി ജില്ലാ കലക്ടറായിരുന്ന എച്ച്.ദിനേശൻ 2019ൽ സത്രത്തിൽ 50 സെന്റ് സ്ഥലം മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷൻ നിർമാണത്തിനായി അനുവദിച്ച് ഉത്തരവിറക്കിയത്. റിസർവ് ഫോറസ്റ്റ് പതിച്ചു നൽകാൻ ജില്ലാ കലക്ടർക്ക് അനുമതിയില്ലെന്നറിയിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അന്നു തന്നെ കലക്ടർക്ക് കത്തയച്ചിരുന്നു.
എന്നാൽ കലക്ടർ ഈ വിവരം പൊലീസ് ഉദ്യോഗസ്ഥർക്കു കൈമാറിയിരുന്നില്ല. പൊലീസ് സ്റ്റേഷനായി മാറ്റിയിട്ട സ്ഥലം വൃത്തിയാക്കുന്നതിനു ചൊവ്വാഴ്ച തൊഴിലാളികൾ എത്തിയപ്പോൾ വനംവകുപ്പ് ഇവരെ തടഞ്ഞു. ബുധനാഴ്ച മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയെങ്കിലും കേസെടുക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ജില്ലാ പൊലീസ് മേധാവി നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകി.