റോഡും നടപ്പാതയും കയ്യേറിയുള്ള വാഹന പാർക്കിങ്; ചെറുതോണിയിൽ ചെറുതല്ല ഗതാഗതക്കുരുക്ക്
ചെറുതോണി ∙ ജില്ലാ ആസ്ഥാനത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. റോഡും നടപ്പാതയും കയ്യേറിയുള്ള വാഹന പാർക്കിങ്ങാണ് ഗതാഗതക്കുരുക്കിനു പ്രധാന കാരണം. എന്നാൽ അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ നടപടിയെടുക്കാതെ കയ്യും കെട്ടി നോക്കിയിരിക്കുകയാണ്. ചെറുതോണിയിൽ വാഴത്തോപ്പ് ജംക്‌ഷൻ മുതൽ ട്രാഫിക് ഐലൻഡ് വരെയും അവിടെ നിന്നു തൊടുപുഴ റൂട്ടിൽ തിയറ്റർ പടി വരെയും സദാസമയവും വാഹനത്തിരക്ക് ഏറെയാണ്.
ടാക്സി സ്റ്റാൻഡ് ഇല്ലാത്തതിനാൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ ടൗണിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത്. വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങളും കച്ചവടക്കാരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നതും വഴിയോരത്ത് തന്നെയാണ്. ഇതിനു പുറമേ റോഡിന് ഇരുവശത്തും സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും കൂടി പാർക്ക് ചെയ്യുന്നതോടെ തിരക്ക് പൂർണമാകും.
കാൽനട യാത്രക്കാർക്കുള്ള നടപ്പാത കൂടി കയ്യേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ യാത്രക്കാർ റോഡിലേക്ക് ഇറങ്ങിനടക്കാൻ നിർബന്ധിതരാകുകയാണ്. ഇതാണ് പലപ്പോഴും അപകടങ്ങൾ വിളിച്ചുവരുത്തുന്നത്. അനധികൃത പാർക്കിങ് നിരോധിച്ച് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും ഇതു പരിഗണിക്കാറില്ല. 2018ലെ മഹാപ്രളയത്തിൽ ചെറുതോണി അണക്കെട്ട് തുറന്നപ്പോൾ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ടൗണിലെ പാർക്കിങ് സംവിധാനവും താൽക്കാലിക ബസ് സ്റ്റാൻഡും ഒലിച്ചു പോയിരുന്നു.
ഇതോടെ സ്വകാര്യ ബസുകൾ ടൗണിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ചെറുതോണിയിൽ പാർക്കിങ്ങിന് അനുയോജ്യമായ ഒന്നിലേറെ സ്ഥലങ്ങൾ സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും മറ്റും കൈവശമുണ്ടായിട്ടും പ്രയോജനപ്പെടുത്താൻ അധികൃതർ തയാറായിട്ടില്ല. അടിയന്തരമായി പാർക്കിങ് ഏരിയയും ടാക്സി സ്റ്റാൻഡും നിർമിച്ചില്ലെങ്കിൽ ടൗണിലെ വ്യാപാര മേഖലയ്ക്കും തിരിച്ചടിയാകും.