നിർമ്മാണം പൂർത്തീകരിച്ച് എട്ട് വർഷം കഴിഞ്ഞിട്ടും തുറന്ന് നൽകാത്ത കട്ടപ്പന ഗവ. ഐ ടി ഐ ബോയ്സ് ഹോസ്റ്റലിന് ബലക്ഷയം.
കട്ടപ്പന:എട്ടുവർഷമായി അടഞ്ഞു കിടക്കുന്ന കട്ടപ്പന ഗവ: ഐ.ടി.ഐ. യുടെ ബോയ്‌സ് ഹോസ്റ്റലിന്റെ ചുമരുകളിൽ ബലക്ഷയത്തെ തുടർന്ന് വിള്ളലുകൾ രൂപംകൊണ്ടു. ഇതോടെ നിർമാണം പൂർത്തിയാക്കിയാലും ഹോസ്റ്റലിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്ന കാര്യം ആശങ്കയിലാണ്. ഹോസ്റ്റലിനുള്ളിൽ 10 ൽ അധികം സ്ഥലങ്ങളിൽ ചുമരും പ്ലാസ്റ്ററിങ്ങും വിണ്ടിരിക്കുകയാണ്. ഹോസ്റ്റലിന്റെ ജനൽച്ചില്ലുകളും പൊട്ടിയ അവസ്ഥയിലാണ്. 2013 ലാണ് 1.20 കോടി രൂപ മുടക്കി കട്ടപ്പന ഐ.ടി.ഐ. ക്വാർേട്ടഴ്‌സിനോട് ചേർന്ന് ബോയ്‌സ് ഹോസ്റ്റൽ നിർമ്മിച്ചത്.
പ്രധാന ക്യാമ്പസിനോട് ചേർ് ഒൻപത് ഏക്കർ സ്ഥലമുള്ള ഐ.ടി.ഐ. സ്വന്തമായി വഴിയില്ലാത്ത തുരുത്തിൽ ഹോസ്റ്റൽ പണിതത് അന്നേ അക്ഷേപത്തിന് ഇടയാക്കിയിരുന്നു. ആദ്യ ഘട്ടമായി 30 വിദ്യാർഥികളെ താമസിപ്പിക്കുവാനാണ് ഐ.ടി.ഐ. അധികൃതർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പദ്ധതിയ്ക്ക് ആവശ്യമായ തുക തികയാതെ വന്നതോടെ ഹോസ്റ്റൽ നിർമ്മാണവും മുടങ്ങി. ഒന്നാം നിലയുടെ പണി പൂർത്തിയായി എങ്കിലും ഭക്ഷണം പാചകം ചെയ്യുവാനും കഴിക്കുവാനും വേണ്ട സൗകര്യമില്ലാത്തതിനാൽ ഹോസ്റ്റൽ വിദ്യാർഥികൾക്ക് വിട്ടു നൽകിയിരുന്നില്ല. ഇതോടെ രാത്രിയിൽ ഹോസ്റ്റൽ സാമൂഹിക വിരുദ്ധരുടെ താവളമായി. സ്ഥലത്ത് തമ്പടിക്കുന്ന സാമൂഹിക വിരുദ്ധർ ഹോസ്റ്റലിന്റെ ജനലുകൾ ഉൾപ്പെടെ അടിച്ചു തകർക്കാനും തുടങ്ങി.കോവിഡ് സമ്പർക്ക വിലക്കിന് ശേഷം വീണ്ടും റെഗുലർ ക്ലാസുകൾക്കായി അഡ്മിഷൻ നടപടികൾ ഐ.ടി.ഐ. ആരംഭിച്ചിട്ടുണ്ട്.എന്നാൽ ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ ജില്ലയുടെ ഒറ്റപ്പെട്ട മേഖലകളിൽ നിന്നും വരുന്നവർ സ്വകാര്യ ലോഡ്ജുകളെയാണ് ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇടത്തരം കുടുംബങ്ങളിൽ നിന്നും പഠിക്കുവാനെത്തുന്ന വിദ്യാർഥികൾക്ക ഇത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. രണ്ട് നില കൂടി പണിത് റോഡിലേയ്ക്ക് പാലം നിർമ്മിച്ചാൽ മാത്രമേ ഹോസ്റ്റലിലേയ്ക്ക് എത്തിപ്പെടാൻ കഴിയുകയുള്ളു.
നാല് കോടി രൂപയാണ് ഇതിനായി ചിലവ് പ്രതീക്ഷിക്കുന്നത്. ഹോസ്റ്റൽ കാട് കയറി നശിക്കുന്ന വിവരം മാധ്യമങ്ങൾ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്ന് പണി പൂർത്തിയാക്കി ഹോസ്റ്റൽ വിദ്യാർഥികൾക്കായി തുറന്നു കൊടുക്കാൻ പൊതുമരാമത്ത് വകുപ്പിന് നാല് വർഷം മുൻപ് ഐ.ടി.ഐ. അധികൃതർ കത്തു നൽകിയിരുന്നു.എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. ഹോസ്റ്റലും പരിസരവും കൃത്യമായി വൃത്തിയാക്കാറുണ്ടെങ്കിലും അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ കൂടുതൽ ബലക്ഷയം ഉണ്ടാവുകയും ഹോസ്റ്റൽ ഉപേക്ഷിക്കേണ്ടിയും വരും .