സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത്സാമൂഹിക വിരുദ്ധര്‍ കോഴി മാലിന്യങ്ങള്‍ തള്ളി
നെടുങ്കണ്ടം: കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ ചേമ്പളത്തിനും വട്ടപ്പാറയ്ക്കും ഇടയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് സാമൂഹിക വിരുദ്ധര്‍ കോഴി മാലിന്യങ്ങള്‍ തള്ളി. അഞ്ചോളം പ്ലാസ്റ്റിക് കവറുകളിലാണ് മാലിന്യം നിക്ഷേപിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടര്‍ന്ന് മാലിന്യങ്ങള്‍ പൊട്ടിയൊഴുകി പ്രദേശം മുഴുവൻ പരന്നു. ദുര്‍ഗന്ധം മൂലം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പണിക്കെത്തിയ സ്ത്രീ തൊഴിലാളിക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും ഉണ്ടായി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സകള്‍ നല്‍കി. പ്ലാസ്റ്റിക് കൂടുകള്‍ പൊട്ടിയതിനെത്തുടര്‍ന്ന് മാലിന്യങ്ങളില്‍നിന്ന് പുഴുക്കളും പരിസരമാകെ വ്യാപിച്ചു.ചേമ്പളം സെന്റ് മേരീസ് പള്ളിക്ക് സമീപമുള്ള പുരയിടത്തിലാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. ടൂറിസ്റ്റുകളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. സമീപത്തുതന്നെ ഒരു എല്‍.പി സ്‌കൂളും പ്രവര്‍ത്തിക്കുന്നു. മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നതിന് താഴ്ഭാഗത്തായി രണ്ട് കുളങ്ങളുമുണ്ട്. മഴ ശക്തമായാല്‍ ഇവ ഒലിച്ച് കുളങ്ങളിലേക്ക് വീഴുകയും കുടിവെള്ളം മലിനമാകുകയും ചെയ്യും. ഇവിടെ മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേമ്പളം ടൗണിലും ചേമ്പളം സെന്റ് മേരീസ് എല്‍.പി സ്‌കൂളിന്റെ സ്ഥലത്തും കക്കൂസ് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നു.