ഇവിടെ പുരാവസ്തുക്കളും വിൽക്കാനുണ്ട്; ദൂരദർശിനി മുതൽ ആമാടപ്പെട്ടി വരെ വഴിയോരത്ത് കിട്ടും
കട്ടപ്പന:മ്യൂസിയങ്ങളിലും,പുരാവസ്തു കടകളിലും മാത്രം കണ്ട് ശീലിച്ച വസ്തുക്കളുമായി യുവാക്കളെ വഴിയോരത്തേയ്ക്കെത്തിച്ചത് കൊവിഡ് തന്നെ, നീണ്ട നാളത്തെ അടച്ചിടലിൽ കുടുംബം പട്ടിണിയിലേയ്ക്ക് നീങ്ങുമെന്ന് ഉറപ്പിച്ചതോടെ തൃശൂർ സ്വദേശി സമീർകുട്ടായി സുഹൃത്തിനെയും കൂട്ടി തെരുവിലേയ്ക്കിറങ്ങുകയായിരുന്നു.ഒരു വാനിൽ നിറയെ പുരാവസ്തുക്കളുടെ ശേഖരവുമായി കേരളത്തിന്റെ പല സ്ഥലങ്ങളിലും പോയി ഇവർ കച്ചവടം നടത്തിയാണ് അവസാനം ഇടുക്കിയിലുമെത്തിയത്.പതിവില്ലാത്ത വസ്തുക്കൾ വഴിയോരത്ത് മേശയിലിരിക്കുന്നത് കണ്ടതോടെ നാട്ടുകാർക്കും കൗതുകമായി.വസ്തുക്കളുടെ പേരും, വിലയും അന്വേഷിച്ച് പലയാളുകളുമെത്തി
.മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള നെയ്യ്ക്കുറ്റിയാണ് കൂട്ടത്തിലെ ഏറ്റവും പഴക്കം ചെന്ന വസ്തു.പഴയ കാലത്തെ സംഗീത പ്രേമികളുടെ ഇഷ്ട ഉപകരണമായ ഗ്രാമഫോൺ,മൂന്ന് കിലോമീറ്റർ ദൂരത്തെ വസ്തുക്കൾ പോലും വ്യക്തമായി കാണാൻ കഴിയുന്ന വിവിധ രൂപങ്ങളിലെ ദൂരദർശിനികളാണ് പ്രധാന ആകർഷണം.കപ്പലിനെ നിരീക്ഷിക്കാൻ നാവികർ ഉപയോഗിച്ചിരുന്ന നീളം കൂടിയ ദൂരദർശിനിയാണ് കൂട്ടത്തിലെ കേമൻ. അധികം കണ്ടിട്ടില്ലാത്ത മണ്ണണ്ണ ഫാൻ,റാന്തൽ വിളക്കുകൾ,ആമാടപ്പെട്ടി, കൂജ, സ്വർണ്ണപെട്ടി, റീഡിംഗ് ലെൻസ് ,വടക്ക് നോക്കിയന്ത്രം എന്നിങ്ങനെയുള്ള വസ്തുക്കളാണ് വിൽപ്പനയ്ക്കായി വച്ചിരിക്കുന്നത്. പലവിധ ക്ലോക്കുകളുടെ നീണ്ട നിരയും വിൽക്കാനുണ്ട്.ആമയുടെ രൂപ സാദൃശ്യമുള്ള ക്ലോക്കാണ് ഏറെ സവിശേഷം.വാൽ ക്ലോക്ക് , ജലഘടികാരം എന്നിവയും കൗതുകമുണർത്തുന്നവയാണ്.കൊവിഡ് പടർന്ന് പിടിക്കുന്നതിന് മുമ്പ് തൃശൂരിൽ പാരമ്പര്യമായി ലഭിച്ച പുരാവസ്തു കട നടത്തുകയായിരുന്നു സമീർ .കട തുറക്കാൻ കഴിയാതെ വന്നതോടെയാണ് ഉറ്റ സുഹൃത്ത് അഷ്റഫുമൊത്ത് വഴിയോരങ്ങളിലേയ്ക്കിറങ്ങിയത്. ഇതിനോടകം അഞ്ച് ജില്ലകളിലെത്തി കച്ചവടം നടത്തി.മോൻസൻ മാവുങ്കൽ വിഷയത്തിന് ശേഷം ഇത്തരം വസ്തുക്കൾക്ക് ആവശ്യക്കാരേറിയെന്നാണ് സമീർ പറയുന്നത്.