കാര്‍ഷിക മേഖലയെ തകിടം മറിച്ച് കാലാവസ്ഥാ മാറ്റം
കട്ടപ്പന: മൂന്നു വര്‍ഷത്തോളമായി തുടരുന്ന അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം ജില്ലയിലെ കാര്‍ഷിക മേഖലയെ തളര്‍ത്തുന്നു. 2018ലെ പ്രളയത്തിനു പിന്നാലെയാണ് ജില്ലയിലെ കാലാവസ്ഥയില്‍ അടിമുടി മാറ്റമുണ്ടായതെന്ന് കര്‍ഷകര്‍ പറയുന്നു. മഴയുടെയും വെയിലിന്റേയും കാലം തെറ്റിയതും ഹൈറേഞ്ച് മേഖലയില്‍ പോലും ചൂട് വര്‍ധിച്ചതും വിളകളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഏലം, കുരുമുളക്, കാപ്പി, തേയില, ജാതിക്ക, ഗ്രാമ്പു, കൊക്കോ, റബര്‍ തുടങ്ങിയവയാണ് ജില്ലയില്‍ പ്രധാനമായും കൃഷി ചെയ്യുന്ന വിളകള്‍.
നൂറുകണക്കിനു കര്‍ഷകരാണ് കാര്‍ഷിക മേഖലയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നത്. എന്നാല്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ വിളവെടുപ്പില്‍ നഷ്ടം നേരിട്ടതോടെ കര്‍ഷകരില്‍ പലരും നിലനില്‍പ്പ് പോലും നശിച്ച അവസ്ഥയിലാണ്. കര്‍ഷകര്‍ക്കിടയില്‍ ആത്മഹത്യാ നിരക്കും വര്‍ധിച്ചിട്ടുണ്ട്. 2018ലെ പ്രളയത്തോടെയാണ് ജില്ലയിലെ കാലാവസ്ഥയ്ക്ക് കാതലായ മാറ്റമുണ്ടായത്. ജൂണ്‍, ജൂലൈ മാസത്തിലെ ശക്തമായ മഴയും പിന്നീട് നവംബര്‍ വരെയുള്ള ഇടവിട്ട മഴകളും ഇടക്കിടെയുള്ള ഇളം വെയിലും ഡിസംബര്‍, ജനുവരി മാസങ്ങളിലെ കോടമഞ്ഞുമാണ് ജില്ലയെ കാര്‍ഷിക മേഖലയ്ക്ക് അനുയോജ്യമാക്കിയത്. ലോക മാര്‍ക്കറ്റില്‍ ശ്രദ്ധ നേടിയ ഇടുക്കി ഏലക്കായുടെ പിറവിക്ക് പിന്നിലും കാലാവസ്ഥയിലെ ഈ പ്രത്യേകതക്ക് സ്ഥാനമുണ്ട്. അമിതമായ ചൂടും, അമിതമായ മഴയും താങ്ങാനാവാത്ത വിളയാണ് ഏലം. മിതമായ ചൂടും വെയിലും ഉണ്ടെങ്കില്‍ മാത്രമേ ഏലച്ചെടികള്‍ പരിപാലിക്കാന്‍ കഴിയു.
എന്നാല്‍ കാലാവസ്ഥയില്‍ മാറ്റം വന്നതോടെ ഏലം കൃഷി പാടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഫെബ്രുവരി മാസം മുതല്‍ ജൂണ്‍ മാസം വരെ അതിശക്തമായ വെയിലാണ് അനുഭവപ്പെടുന്നത്. വെയിലിനു ചൂട് വര്‍ധിച്ചതോടെ ഈ സമയത്ത് ഏലച്ചെടികള്‍ വ്യാപകമായി കരിഞ്ഞുണങ്ങുന്നതും പതിവാണ്. വെയില്‍ നീണ്ടു നില്‍ക്കുന്നതിനാല്‍ ഈ സമയത്ത് ജലസ്രോതസുകളും വറ്റിവരളും. സമാനമായി ജൂലൈ മാസം മുതല്‍ തുടങ്ങുന്ന ശക്തമായ മഴയിലും ഏലച്ചെടികള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നുണ്ട്. അഴുകലും മഞ്ഞ നിറവും മറ്റും ബാധിക്കുന്നതും വ്യാപകമായിരിക്കുകയാണ്. സമാനമാണ് കാപ്പി, കുരുമുളക് വിളകളുടെയും അവസ്ഥ. കാലം തെറ്റിയെത്തുന്ന മഴയും വെയിലും കാപ്പി, കുരുമുളക് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വിളവെടുപ്പ് സമയത്തുണ്ടായ മഴയെ തുടര്‍ന്ന് കിന്റല്‍ കണക്കിനു വിളകളാണ് അഴുകല്‍ ബാധിച്ച് നശിച്ചത്. ഇതോടെ കാപ്പിക്കും കുരുമുളകിനും വില കുറയുകയും ചെയ്തു.
ഹൈറേഞ്ച് മേഖലയില്‍ ചൂട് വര്‍ധിച്ചതാണ് തേയില കൃഷിക്ക് വിനയാകുന്നത്. മിതമായ വെയിലില്‍ മാത്രമാണ് തേയില ചെടികള്‍ തളിരിടുന്നത്. വെയിലിനു കാഠിന്യം കൂടിയതോടെ തോട്ടങ്ങളില്‍ കൃത്രിമമായി വെള്ളം നനച്ചുകൊടുക്കേണ്ട സ്ഥിതിയാണ്. ചെറുകിട കര്‍ഷകര്‍ക്ക് ഇതിന്റെ ചിലവ് താങ്ങാവുന്നതിലും അപ്പുറമാണ്. ഇതോടെ പലരും തേയില കൃഷി ഉപേക്ഷിച്ച മട്ടാണ്. റബര്‍, ഗ്രാമ്പു, ജാതിക്ക തുടങ്ങിയ വിളകളെയും കാലാവസ്ഥാ മാറ്റം ബാധിച്ചിട്ടുണ്ട്. റബറിനു വില ഉയര്‍ന്നു നില്‍ക്കുകയാണെങ്കിലും ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്. തുടര്‍ന്നു നില്‍ക്കുന്ന മഴയില്‍ ടാപ്പിങ്ങും ഷീറ്റ് ഉണക്കലും പ്രതിസന്ധിയിലാകുകയും ചെയ്തു.