ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇനി എ ഐ ഡിജിറ്റൽ വിദ്യാലയം

AI ഡിജിറ്റൽ ഇന്ററാക്ടീവ് ക്ലാസ് മുറികളുടെ ഉദ്ഘാടനവും ജോസഫ് അന്നംകുട്ടി ജോസുമായുള്ള ടോക്ക് ഷോയും നടന്നു. ആധുനിക വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിദ്യാർഥികൾക്ക് മികച്ച പഠനാനുഭവങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാറിൽ AI ഡിജിറ്റൽ ഇന്ററാക്ടീവ് ക്ലാസ് മുറികളുടെ ഉദ്ഘാടനവും ടോക്ക് ഷോയും സംഘടിപ്പിച്ചു .
പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ജോസഫ് അന്നംകുട്ടി ജോസ് ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു.ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ മുഖ്യാതിഥിയായിരുന്നു . സ്കൂൾ മാനേജർ റവ. ഫാ. സഖറിയാസ് കുമ്മണ്ണുപറമ്പിൽ അധ്യക്ഷത വഹിച്ചു .സ്കൂൾ പ്രിൻസിപ്പൽ ശ്രീ.സിബി ജോസഫ് സ്വാഗതം ആശംസിച്ചു.അസിസ്റ്റന്റ് മാനേജർ ഫാ. സ്റ്റാൻലി ചരമേൽ, പി ടി എ പ്രസിഡന്റ് ശ്രീ.സിജോ ഇലന്തൂർ, ഹെഡ്മിസ്ട്രെസ് ശ്രീമതി. ജിജിമോൾ മാത്യു, എം പി ടി എ പ്രസിഡന്റ് ശ്രീമതി. ആതിര കുര്യൻ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ. ജോർജ് കെ സി, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഡിന്റോമോൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാഭ്യാസരംഗത്തെ സാങ്കേതിക മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തി പഠനത്തെ കൂടുതൽ ആകർഷകവും സംവേദനാത്മകവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ സങ്കീർണമായ പാഠഭാഗങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാനും ദൃശ്യ-ശ്രാവ്യ പഠനസാധ്യതകൾ പ്രയോജനപ്പെടുത്താനും വിദ്യാർഥികൾക്ക് അവസരമൊരുക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും വിദ്യാർഥികളെ ഭാവിയിലെ സാങ്കേതികവിദ്യാധിഷ്ഠിത ലോകത്തിന് സജ്ജരാക്കുന്നതിനുമുള്ള സ്കൂളിന്റെ ദീർഘവീക്ഷണത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ 18 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക വിദ്യാഭ്യാസത്തിന്റെ പുതിയ സാധ്യതകളിലേക്ക് മുന്നേറുകയാണ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ.തുടർന്ന് വിദ്യാർത്ഥികളുമായി നടത്തിയ സംവാദപരിപാടി ഏറെ ശ്രദ്ധേയമായി. ജീവിതവിജയം, ആത്മവിശ്വാസം, സ്വപ്നങ്ങൾ, ലക്ഷ്യബോധം, വ്യക്തിത്വവികസനം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.
സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




































































































































