കുന്നിൻ മുകളിൽനിന്ന് പാറക്കെട്ടുകളിലൂടെ ഒഴുകിയെത്തുന്ന ഇരച്ചിൽപാറ വെള്ളച്ചാട്ടത്തിൽ ഇരച്ചെത്തി സഞ്ചാരികൾ

മറയൂർ ∙ മഴ ശക്തമായതോടെ വിനോദസഞ്ചാരികൾക്ക് കുളിർമയേകി ഇരച്ചിൽപാറ വെള്ളച്ചാട്ടം. മറയൂർ കോവിൽക്കടവിൽനിന്ന് ഇടക്കടവ് ഭാഗത്തേക്ക് രണ്ടു കിലോമീറ്ററോളം അകലെയുള്ള വെള്ളച്ചാട്ടം ഇപ്പോൾ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറി. മറയൂർ–കാന്തല്ലൂർ മേഖലയിലെത്തുന്ന നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിവസവും വെള്ളച്ചാട്ടം കാണാനും വെള്ളത്തിൽ ഇറങ്ങി ആസ്വദിക്കാനുമായി എത്തുന്നത്. കുന്നിൻ മുകളിൽനിന്ന് പാറക്കെട്ടുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം ചാറ്റൽമഴയുടെ കുളിർമയോടൊപ്പം സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. പ്രകൃതിരമണീയമായ മലനിരകളും പാറക്കെട്ടുകളും മഴയിൽ കുതിർന്ന പച്ചപ്പും വെള്ളച്ചാട്ടത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നു. വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് ആസ്വദിച്ചും ചിത്രങ്ങൾ പകർത്തിയും സമയം ചെലവഴിച്ചുമാണ് സഞ്ചാരികൾ മടങ്ങുന്നത്.
മഴക്കാലത്ത് മാത്രമാണ് ഇവിടെ കാര്യമായ നീരൊഴുക്ക് അനുഭവപ്പെടുന്നത്. വേനൽക്കാലത്ത് വെള്ളം വറ്റി വരളുന്ന വെള്ളച്ചാട്ടം ഇപ്പോൾ ശക്തമായ മഴയെ തുടർന്ന് സജീവമായിരിക്കുകയാണ്. ഇതോടെ മറയൂർ–കാന്തല്ലൂർ മേഖലയിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായി ഇരച്ചിൽപാറ മാറി.




































































































































