മികവുത്സവം – സാക്ഷരതാ പരീക്ഷ നാളെ (07) മുതല്‍
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സാക്ഷരതാ പരീക്ഷ ‘മികവുത്സവം’ നാളെ (07) ആരംഭിക്കും. നവംബര്‍ 14 വരെയാണ് പരീക്ഷ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പഠിതാക്കളുടെ കൂടി സൗകര്യാര്‍ത്ഥമാണ് പരീക്ഷാ നടത്തിപ്പ്. ഇടുക്കി ജില്ലയില്‍ 2321 പേരാണ് 65 കേന്ദ്രങ്ങളിലായി മികവുത്സവത്തില്‍ പങ്കെടുക്കുന്നത്. ഇവരില്‍ 624 പേര്‍ പുരുഷന്മാരും, 1697 പേര്‍ സ്ത്രീകളുമാണ്. എസ്.സി വിഭാഗത്തില്‍ നിന്ന് 876 പേരും, എസ്.റ്റി വിഭാഗത്തില്‍ നിന്ന് 439 പേരും പരീക്ഷ എഴുതുന്നു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരും പരീക്ഷ എഴുതുന്നുണ്ട്.
പുതുതായി അക്ഷരം പഠിച്ചവരോ, എഴുത്തും വായനയും മറന്നവരോ ആണ് പഠിതാക്കള്‍. 22 വയസു മുതല്‍ 86 വയസ് വരെയുള്ളവര്‍ പരീക്ഷ എഴുതുന്നവരില്‍ ഉള്‍പ്പെടും. ഭിന്നശേഷിക്കാരായ പഠിതാക്കള്‍ക്ക് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മികവുത്സവം നടത്തിപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിട്ടുണ്ട്. പഠിതാക്കളില്‍ പരീക്ഷാ ഭീതി ഉളവാക്കാതെ അറിവിന്റെ മികവ് പരിശോധന മാത്രമാണ് മികവുത്സവം ലക്ഷ്യമിടുന്നത്. പരീക്ഷാ കേന്ദ്രങ്ങളില്‍ തദ്ദേശ സ്ഥാപന പ്രതിനിധികളും മറ്റും പഠിതാക്കളെ സ്വീകരിക്കും. ഇടുക്കി - കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വെണ്‍മണി തുടര്‍വിദ്യാകേന്ദ്രത്തിലും, ഇടവെട്ടി ഗ്രാമപഞ്ചായത്ത് തെക്കുംഭാഗം തുടര്‍വിദ്യാകേന്ദ്രത്തിന്റെയും കീഴിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്. 52 പേരാണ് ഇവിടെ പരീക്ഷ എഴുതുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പിന്റെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച (08) വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പാറേമാവ് കൊലുമ്പന്‍ കമ്യൂണിറ്റി ഹാളില്‍ പഠിതാക്കളെ സ്വീകരിക്കും. ഉച്ച കഴിഞ്ഞ് 2 മണിക്ക് സംഘടിപ്പിക്കുന്ന പരിപാടിയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം. അബ്ദുള്‍കരീം, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, പ്രേരക്മാര്‍, തുടങ്ങിയവര്‍ പങ്കെടുക്കും
ഫോട്ടോ –
ആലക്കോട് – അഞ്ചിരി തുടര്‍വിദ്യാകേന്ദ്രത്തിലെ പഠിതാവ് 79 കാരി ഏലിക്കുട്ടി, കുന്നുംപുറത്ത്.