ഒരു യുഗത്തിന് വിരാമം; ഗോൾ നേടി മെസ്സിയുടെ മടക്കം

അര്‍ജന്റീനയുടെ നീലക്കുപ്പായത്തില്‍ ലിയോണല്‍ മെസിക്ക് ഇനി മത്സരമില്ല. നേടാനുള്ളതെല്ലാം നേടി, ഫുട്ബോള്‍ ഇതിഹാസം, ദേശീയ ടീമില്‍ നിന്ന് പടിയിറങ്ങി. ബെനിന്‍ എതിരായ വിടവാങ്ങല്‍ മത്സരത്തിലും മാന്ത്രിക ചുവടുകള്‍ക്കൊപ്പം ഗോളും ഗോള്‍ അസിസ്റ്റുമായി മെസി തിളങ്ങി. മത്സത്തില്‍ എതിരില്ലാത്ത 3 ഗോളിന് അര്‍ജന്റീന ജയിച്ചു. ലോകമെമ്പാടുമുള്ള മെസി ആരാധകര്‍ക്ക് ഇത് ഏറെ വൈകാരിക നിമിഷമാണ്. (Argentina vs Benin football 2026: Lionel Messi’s last match updates)
കാല്പന്ത് ലോകത്ത് കിട്ടാവുന്നതില്‍വച്ച് ഏറ്റവും വീര്യമുള്ള ആയുധം തങ്ങളുടെ ആക്രമണത്തിന്റെ തുഞ്ചത്തുണ്ടെന്ന അലങ്കാരവും അഹങ്കാരവും ഇനി അര്‍ജന്റീനയ്ക്കില്ല. പക്ഷേ തന്നെ വിശ്വസിച്ച ജനതയ്ക്കായി സര്‍വതും വെട്ടിപ്പിടിച്ച് അവരെ ഉന്മാദിപ്പിച്ചാണ് മെസിയുടെ മടക്കം. വെള്ളവരയ്ക്കുള്ളില് സൂചിപ്പഴുതുപോലുമില്ലാത്തയിടങ്ങളില് അവന് തീര്‍ത്ത മായാജാലം. കാലില്‍ ഒരു കാണാനൂലില്‍ കോര്‍ത്തപോലെ ചോര്ത്തൊട്ടിച്ച പന്തുമായി നടത്തിയ മിന്നലാട്ടങ്ങള്‍. തഴുകി തലോടി ഗോള്‍ വലയോട് കിന്നാരം പറയാന്‍ അവന് പറഞ്ഞയച്ച പന്തുകള്‍.. നീണ്ട് കാത്തിരിപ്പിനൊടുവില്‍ സ്വപനങ്ങള്‍ക്ക് റൂഹ് വച്ച ലുസൈലിലെ സ്വര്ഗരാവ്. അന്തിമപോരാട്ടത്തിന് ശേഷം ഒരു യുഗം ബൂട്ടഴിക്കുമ്പോള്‍ എത്രയെത്ര ഓര്‍മകളാണ് ഉള്ളിലൂടെ ഒഴുകുന്നത്.
ഇരുപത്തിയൊന്ന് കൊല്ലം മുന്‍പ് ഒരു ഓഗസ്റ്റ് പതിനേഴിന്റെ പ്രഭാതത്തില്‍ ബുഡാപ്പെസ്റ്റിലെ പുസ്കാസ് സ്റ്റേഡിയത്തിലെ സബ്സ്റ്റിറ്റൂഷന്‍ ബോര്‍ഡില്‍ പച്ച നിറത്തില്‍ പതിനെട്ടാം നമ്പര്‍ തെളിഞ്ഞപ്പോള്‍ തുടങ്ങിയ ഓട്ടമാണ്. നോവിന്റെ കൈപ്പു നീരും, ആനന്ദത്തിന്റെ മധുരവീഞ്ഞും ഒരുപോലെ മോന്തിയ ആ യാത്ര ബ്യൂണസ് ഐറസിന്റെ മടിത്തട്ടില്‍ അവസാനിക്കുകയാണ്. ലിയോണല്‍ മെസ്സി അര്‍ജന്റീനക്കായി നേടിയ റെക്കോര്‍ഡുകള്‍ കേവലം അക്കങ്ങള്‍ മാത്രമല്ല. അവന്റെ വിയര്‍പ്പും കണ്ണീരും കൊണ്ട് വിളക്കി ചേര്‍ത്ത തിരിച്ചുവരവിന്റെ അധ്യായങ്ങള്‍ കൂടിയാണ്.









































































































































