എയിംസിന് അനുയോജ്യമായ സ്ഥലം സുരേഷ്‌ഗോപിയുടെ മണ്ഡലത്തിലുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചോട്ടെ; വെല്ലുവിളിച്ചത് കൊണ്ട് ഒരു കാര്യവും ഇല്ലെന്ന് മന്ത്രി കെ മുരളീധരൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരൻ. കേരളത്തിൽ എവിടെയാണോ അനുയോജ്യമായ സ്ഥലം അവിടെ എയിംസ് കൊണ്ടുവരാൻ അദ്ദേഹം മുൻകൈ എടുക്കട്ടെ. എന്നെ വെല്ലുവിളിച്ചത് കൊണ്ട് ഒരു കാര്യവുമില്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു.
നമ്മുടെ താത്പര്യങ്ങൾക്ക് ഒരു പ്രസക്തിയും ഇല്ല. അനുയോജ്യമായ സ്ഥലങ്ങൾ അദ്ദേഹത്തിൻറെ മണ്ഡലത്തിൽ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചോട്ടെ. സ്ഥലം കാണിച്ചു തന്നാൽ ഉദ്യോഗസ്ഥരെ വിട്ട് പരിശോധിപ്പിക്കാം. അദ്ദേഹം വെല്ലുവിളിച്ചോട്ടെ, അദ്ദേഹത്തിൻറെ സേവനം കൊണ്ടാണല്ലോ അദ്ദേഹത്തിൻറെ പാർട്ടി മത്സരിച്ച തൃശൂരിൽ എല്ലാ സീറ്റിലും മൂന്നാമത് പോയത്. സുരേഷ് ഗോപിയെ രാഷ്ട്രീയക്കാരനായി താൻ ഇപ്പോഴും കാണുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് മരുന്ന് ക്ഷാമം ഇല്ല. അത്യാവശ്യം മരുന്നുകളെല്ലാം മാർക്കറ്റിൽ ഉണ്ട്. ഇപ്പോൾ അതേപ്പറ്റി വലിയ പരാതികൾ ഇല്ലെന്നും മന്ത്രി പറഞ്ഞു. NHM പിരിച്ചുവിടൽ അല്ല. കോൺട്രാക്ട് അടിസ്ഥാനത്തിലാണ് അവരെ നിയമിക്കുന്നത് .പെർഫോമൻസ് നോക്കിയാണ് അവരെ നിയമിക്കുന്നതും കോൺട്രാക്ട് അവസാനിപ്പിക്കുന്നതും. കോൺട്രാക്ട് അവസാനിക്കുന്നതനുസരിച്ച് മിടുക്കന്മാരായ ആളുകളെ അഭിമുഖം നടത്തി നിയമിക്കും.വകുപ്പിൽ ഏതൊക്കെ സെക്രട്ടറിമാർ എവിടെയൊക്കെ വരും എന്ന് ആർക്കു പറയാൻ കഴിയും. ഇളക്കിയും പ്രതിഷ്ഠിച്ചും ഒക്കെ എല്ലാ കാലത്തും നടക്കാറുണ്ട്. ഇതെന്തോ വലിയ അത്ഭുതം പോലെയാണ് എല്ലാവരും ഇപ്പോൾ കാണുന്നത് മന്ത്രി പറഞ്ഞു .
ആരോഗ്യവകുപ്പ് സെക്രട്ടറിയുമായുള്ള അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് മുന്നോട്ട് പോകുകയാണ്. ഭരണപരമായ കാര്യങ്ങൾ പുറത്തു പറയില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പറയുന്നതാണ്. രാഷ്ട്രീയക്കാർ തമ്മിലുള്ള അഭിപ്രായവ്യത്യാസം പോലെയല്ല ഈ വക കാര്യങ്ങളെന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.









































































































































