ഫോർമാലിൻ കലർത്തിയ 90 കിലോയോളം മൽസ്യം പിടിച്ചെടുത്തു.
ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് ഫോർമാലിൻ കലർത്തിയ 90 കിലോയോളം മീൻ അധികൃതർ പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗംവും ഫിഷറീസും നടത്തിയ സംയുക്ത പരിശോധനയിലാണ് വഴിച്ചേരി മാർക്കറ്റിൽ നിന്നും കേര, ചൂര വിഭാഗത്തിൽപ്പെട്ട 80 കിലോ ഗ്രാമും ബാപ്പുവൈദ്യൻ ജംഗ്ഷനിലെ രണ്ട് തട്ടിൽ നിന്നും 10 കിലോ ഗ്രാം കിളിമീനും ഫോർമാലിൻ കലർത്തിയ നിലയിൽ കണ്ടെത്തിയത്. ഇവ പിടിച്ചെടുത്ത് ബ്ലീച്ചിംഗ് പൗഡർ വിതറി ഉപയോഗരഹിതമാക്കി കുഴിച്ചിട്ടു.
ഹെൽത്ത് ഇൻസ്പെക്ടർ ആർ. അനിൽകുമാർ ജെഎച്ച്ഐമാരായ ഷംസുദ്ദീൻ, രഘു, അനീസ്, റിനോഷ് കൂടാതെ ഫുഡ് സേഫ്റ്റി ഓഫീസർമാരായ ജിഷാരാജ്, മീരാദേവി, ഫിഷറീസ് ഓഫീസർ എം. ദീപു എന്നിവർ പങ്കെടുത്തു. പരിശോധനകൾ തുടരുമെന്നും ഇനി പിടിക്കപ്പെടുന്നവർക്കെതിരെ കോടതിയുടെ അനുവാദത്തോടെ ക്രിമിനൽ കേസെടുക്കുവാനും ഇത്തരക്കാരുടെ ലൈസൻസ് റദ്ദ് ചെയ്യാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ അധ്യക്ഷ സൗമ്യ രാജ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ പറഞ്ഞു.