വെറും നാല് മാസം കൊണ്ട് 26461.75 കോടി രൂപ കടം, സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയുടെ പാതിയോളം; സാമ്പത്തിക പ്രതിസന്ധി തുടരുന്നു

സംസ്ഥാനത്ത് ഭരണം മാറി നാല് മാസങ്ങൾ പിന്നിട്ടിട്ടും സാമ്പത്തിക പ്രതിസന്ധിക്ക് അയവുവരുന്നില്ല. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസം പൂർത്തിയാകുമ്പോഴേക്കും ഈ വർഷം ആകെ കടമെടുക്കാവുന്ന പരിധിയുടെ പകുതിയോളം തുക സർക്കാർ കടമെടുത്തു കഴിഞ്ഞു. 26,461.75 കോടി രൂപയാണ് ഈ കാലയളവിൽ മാത്രം കടമായി സ്വീകരിച്ചത്. എന്നാൽ, മുൻ വർഷത്തെ അപേക്ഷിച്ച് മൂലധന ചെലവ് ഉയർന്നത് സർക്കാരിന് ആശ്വാസമേകുന്ന ഘടകമാണ്.
വരുമാനത്തിൽ വർദ്ധനവുണ്ടായെങ്കിലും അതിലും വേഗത്തിലാണ് ചെലവുകൾ ഉയരുന്നത്. ദീർഘകാല അടിസ്ഥാനത്തിലുള്ള ആസ്തികൾ സൃഷ്ടിക്കാൻ ഉപയോഗിക്കേണ്ട കടമെടുക്കുന്ന തുക, മുൻപത്തെപ്പോലെ നിത്യനിദാന ചെലവുകൾ ഒപ്പിക്കാനാണ് പ്രധാനമായും വിനിയോഗിക്കുന്നത്. റവന്യൂ ചെലവുകളിൽ പലിശ തിരിച്ചടവിനായി മാറ്റിവെച്ച തുക മുൻ വർഷത്തിന് സമാനമായി തുടരുന്നു. എന്നാൽ ജീവനക്കാരുടെ ശമ്പള ചെലവിൽ 2,648 കോടി രൂപയുടെ വർദ്ധനവുണ്ടായി. പെൻഷൻ ചെലവുകൾ രണ്ടായിരം കോടിയോളമാണ് ഉയർന്നത്. റവന്യൂ ചെലവുകളിലെ ഈ കുതിച്ചുചാട്ടം കാരണം സംസ്ഥാനത്തിന്റെ സാമ്പത്തിക കമ്മിയും കടവും ബജറ്റിൽ കണക്കുകൂട്ടിയതിന്റെ പകുതിയോളം ആദ്യ നാലു മാസങ്ങളിൽ തന്നെ എത്തിനിൽക്കുകയാണ്.
ഈ സാമ്പത്തിക വർഷം ആകെ 56,413.06 കോടി രൂപ കടമെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ 46.91 ശതമാനം തുകയും ആദ്യ 4 മാസത്തിനുള്ളിൽ എടുത്തു. കഴിഞ്ഞ വർഷം ആദ്യ നാലു മാസത്തെ കടമെടുപ്പ് 47.08 ശതമാനമായിരുന്നു. അതായത് ഭരണം മാറിയെങ്കിലും കടമെടുക്കുന്ന തോതിൽ കാര്യമായ മാറ്റമൊന്നുമില്ല. ഈ വർഷം ഇതുവരെ എടുത്ത ആകെ കടത്തിൽ 11,503.47 കോടി രൂപ ഏപ്രിൽ മാസത്തിൽ മുൻ സർക്കാരിന്റെ കാലത്താണ് എടുത്തത്. ബാക്കിയുള്ള 14,958.28 കോടി രൂപ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയ മെയ് മുതൽ ജൂലൈ വരെയുള്ള മൂന്ന് മാസങ്ങളിലായാണ്.
ആദ്യ നാലു മാസത്തിൽ മൂലധന ചെലവ് മുൻ വർഷത്തേക്കാൾ 3,411.62 കോടി രൂപ വർദ്ധിച്ചു എന്നത് ആശ്വാസകരമായ കാര്യമാണ്. ആകെ 8,336.73 കോടി രൂപയാണ് ഈ കാലയളവിൽ മൂലധന ചെലവായി രേഖപ്പെടുത്തിയത് (42.29 ശതമാനം). ഇതിൽ 4,335.53 കോടി രൂപ ഏപ്രിൽ മാസത്തിലും, ബാക്കി 4,001.20 കോടി രൂപ തൊട്ടടുത്ത മൂന്ന് മാസങ്ങളിലുമാണ് ചെലവഴിച്ചത്. എന്നാൽ ജൂലൈ മാസത്തിലെ മൂലധന ചെലവിൽ മുൻ വർഷത്തെ അപേക്ഷിച്ച് 260 കോടി രൂപയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.









































































































































