വീണ്ടും ഇരുട്ടിലേക്ക്; ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപഭോഗം ഇന്ന് 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്.
ഭാഗിക വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി നിയന്ത്രണ അറിയിപ്പ് ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കേരളത്തിലെ പവർ കട്ട് ഒഴിവായേക്കുമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കേന്ദ്ര പൂളിൽ നിന്ന് വൈദ്യുതി ലഭിക്കുമെന്നതിനാലാണ് നിയന്ത്രണം മാറിയെന്ന് കെഎസ്ഇബി ചെയർമാൻ അറിയിച്ചത്. എൽനിനോ പ്രതിഭാസമാണ് കേരളത്തിൽ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും കെഎസ്ഇബി പറഞ്ഞിരുന്നു.
അതേസമയം എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇപ്പോഴെത്തെ വൈദ്യുതി ഉപഭോഗം മുൻ കാലങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിച്ചിരിക്കുകയാണ്.







































































































































