ആദിവാസി ഉന്നതിയിൽ വീടിന്റെ വയറിങ് ജോലിയുമായി വിദ്യാർത്ഥികൾ

അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെല്ലിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കട്ടമുടി ആദിവാസി ഉന്നതിയിലുള്ള ഒരു നിർധന കുടുംബം താമസിക്കുന്ന വീടിന്റെ വയറിങ് ജോലികൾ പൂർണമായി ചെയ്തു നൽകി.
വീടിന്റെ വയറിങ് ഇടിമിന്നലിൽ പൂർണമായി തകരാറിലായി മാസങ്ങളോളം ഇരുട്ടിലാണ് ഈ കുടുംബം താമസിച്ചിരുന്നത്.
വാർഡ് മെമ്പർ എം ജി അലിയാരുടെ അഭ്യർത്ഥന പ്രകാരമാണ് ഈ മാതൃകാ പ്രവർത്തനം ഏറ്റെടുക്കാൻ കുട്ടികൾ തീരുമാനിച്ചത്.
ഒരു ദിവസം പൂർണമായി എടുത്താണ് കുട്ടികൾ ഈ ജോലി പൂർത്തീകരിച്ചത്.
വയറിങ്ങിന് ആവശ്യമായ മെറ്റീരിയൽസ് അടിമാലി കൽപ്പന ഇലക്ട്രിക്കൽസാണ് സൗജന്യമായി നൽകിയത്.
സ്കൂളിലെ ഇ ഡി എസ് ബാച്ചിലെ കുട്ടികളായ ഗൗതം ഗോപകുമാർ,മിലൻ ജോമോൻ, ശ്യാം ശശി,മെൽവിൻ മാർട്ടിൻ, ജോനാസ് അനിൽ, എറിക് റെജി എന്നിവരാണ് വയറിങ് പൂർത്തീകരിച്ച വിദ്യാർത്ഥികൾ.
തങ്ങളുടെ ലാബിൽ ഓരോ വർക്കുകളും പ്രവർത്തിപദത്തിൽ എത്തിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കുട്ടികൾ.പ്രവർത്തനങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പാൾ എം എസ് അജി,കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെല്ലിന്റെ കോർഡിനേറ്റർ നിഥിൽ നാഥ് പി എസ്, എൻ. എസ് എസ് പ്രോഗ്രാം ഓഫീസർ അജയ് ബി, അധ്യാപകൻ പി സി അജിമോൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.







































































































































