പാർലമെൻ്റിൽ പ്രതിപക്ഷ പ്രതിഷേധം; ഇൻഡ്യാസഖ്യ എംപിമാര്‍ നാളെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് നടത്തും

ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തം. ഇന്‍ഡ്യ സഖ്യ എംപിമാര്‍ നാളെ രാവിലെ 11 മണിക്ക് രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതോടെയാണ് തീരുമാനം. ഇന്ന് 12 മണിക്ക് വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ സമയം അനുവദിക്കാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സഭ സമ്മേളിച്ചപ്പോള്‍ സ്പീക്കര്‍ സഭയില്‍ എത്താതെ മാറി നിന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്പീക്കര്‍ വാക്ക് പാലിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയും യുവാക്കള്‍ക്ക് എതിരായ ഡല്‍ഹി പൊലീസിന്റെ നടപടിയും ഉയര്‍ത്തി പാര്‍ലമെന്റില്‍ പ്രതിപക്ഷം സ്വരം കടുപ്പിച്ചിരുന്നു. വിഷയം സഭാ നടപടികള്‍ നിര്‍ത്തി ചര്‍ച്ച ചെയ്യണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ചര്‍ച്ച ആഗ്രഹിക്കുന്നവര്‍ സീറ്റുകളിലേക്ക് മടങ്ങാന്‍ സഭാധ്യക്ഷന്മാര്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സ്പീക്കര്‍ സര്‍ക്കാരിന്റെ പക്ഷത്തെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ചോദ്യം ഉന്നയിച്ച വിദ്യാര്‍ഥികളെ ലാത്തി കൊണ്ട് പൊലീസ് നേരിട്ടു എന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ ആരോപിച്ചു.
അതിനിടെ ഇടത് എംപിമാര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് ജന്തര്‍മന്തറിലേക്ക് ഐക്യദാര്‍ഢ്യപ്രകടനവുമായി നീങ്ങി. ജോണ്‍ ബ്രിട്ടാസ്, കെ സന്തോഷ് കുമാര്‍, എ എ റഹീം, ജോസ് കെ മാണി, എസ് ശിവദാസന്‍, സു വെങ്കിടേഷ്, രാധാകൃഷ്ണന്‍, സിക്കാറില്‍ നിന്നുള്ള അമ്രറാം എന്നിവരാണ് ജന്തര്‍മന്തറിലേക്ക് നീങ്ങിയത്.







































































































































