പാലാ കൈവിടുമോ? യുഡിഎഫിന് നെഞ്ചിടിപ്പ്; വിപ്പ് സ്വീകരിച്ചത് രണ്ട് അംഗങ്ങള്‍ മാത്രം

പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കണ്ടത്തിനെതിരായ അവിശ്വാസപ്രമേയം ഇന്ന് വരാനിരിക്കെ യുഡിഎഫില്‍ പ്രതിസന്ധി. അവിശ്വാസത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന കോണ്‍ഗ്രസ് പാര്‍ട്ടി വിപ്പ് ഒപ്പിട്ടുവാങ്ങിയത് രണ്ട് കൗണ്‍സിലര്‍മാർ മാത്രമാണ്. നാലുപേര്‍ ഇപ്പോഴും വിപ്പ് കൈപ്പറ്റിയിട്ടില്ല. നാലുപേരെയും നേരിട്ട് കാണാനാകാതെ വന്നതോടെ വിപ്പ് മണ്ഡലം പ്രസിഡന്റ് വീട്ടില്‍ പതിപ്പിച്ചു മടങ്ങി. അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഇന്നലെ ഡിസിസി പ്രസിഡന്റ് വിപ്പ് നല്‍കിയിരുന്നു.
വിപ്പ് സ്വീകരിക്കാത്ത നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സ്വതന്ത്ര കൗണ്‍സിലറും ഇന്ന് നഗരസഭ ഹാളിലെത്തി. യുഡിഎഫ് ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ പുളിക്കക്കണ്ടത്തിനെതിരെ ഇടതുപക്ഷമാണ് അവിശ്വാസം കൊണ്ടുവന്നത്.
പാലാ നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷം ഇല്ലാതെ വന്നതോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളായി മത്സരിച്ച ബിനു പുളിക്കകണ്ടവും മകള്‍ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കകണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ആദ്യ ടേമില്‍ ചേയര്‍പേഴ്സണ്‍ സ്ഥാനം ദിയയ്ക്ക് നല്‍കുകയായിരുന്നു.
26 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് പതിനൊന്നും യുഡിഎഫിന് പത്തംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബിജു, ബിനു, ദിയ എന്നിവരെ കൂടാതെ മറ്റ് രണ്ട് സ്വതന്ത്രരും വിജയിച്ചിരുന്നു. ഇതിലൊരാള്‍ കോണ്‍ഗ്രസ് വിമതയായിരുന്ന മായാ രാഹുലായിരുന്നു. പുളിക്കക്കണ്ടം കുടുംബത്തിന്റെയും മായയുടെയും പിന്തുണ ലഭിച്ചതോടെ യുഡിഎഫിന്റെ അംഗബലം 14 ആയി. ഇതോടെയാണ് നഗരസഭയില്‍ യുഡിഎഫ് ഭരണം പിടിച്ചത്. 14 അംഗ യുഡിഎഫിലെ രണ്ടുപേരുടെ പിന്തുണകൂടിയുണ്ടെങ്കില്‍ മാത്രമെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസം വിജയിക്കുകയുള്ളൂ.







































































































































