‘പ്രതിപക്ഷനേതാവായിരിക്കുമ്പോൾ വിഎസ് ഉയർത്തിയ പോരാട്ടങ്ങൾ ഭരണസംവിധാനങ്ങളെപ്പോലും തിരുത്തിക്കാൻ പോന്നതായിരുന്നു’

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിഎസ് അച്യുതാനന്ദന്‍ എന്ന പേര് ഒരു വ്യക്തിയുടേതല്ല, മറിച്ച് ഒരു കാലഘട്ടത്തിന്റെയാകെ പ്രതിരൂപമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മതനിരപേക്ഷ കേരളത്തിന്റെ ശക്തനായ വക്താവായ വിഎസ്, ജനകീയ വിഷയങ്ങളില്‍ നിയമസഭയിലും തെരുവിലും ഒരേസമയം തീര്‍ത്ത പ്രതിരോധം കേരള ചരിത്രത്തിന്റെ ഭാഗമാണ്. നാടിന്റെ പൊതുസമ്പത്തും താല്പര്യങ്ങളും സംരക്ഷിക്കുന്നതില്‍ നിതാന്ത ജാഗ്രതയായിരുന്നു അദ്ദേഹം പുലര്‍ത്തിയതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
വിഎസ് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കും അദ്ദേഹം നയിച്ച പോരാട്ടങ്ങള്‍ക്കും മരണമില്ല. സഖാവ് വിഎസിന്റെ മരിക്കാത്ത ഓര്‍മകള്‍ക്കു മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
സഖാവ് വിഎസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വിഎസ് അച്യുതാനന്ദന്‍ എന്ന പേര് ഒരു വ്യക്തിയുടേതല്ല, മറിച്ച് ഒരു കാലഘട്ടത്തിന്റെയാകെ പ്രതിരൂപമാണ്. കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയെ ഉണര്‍ത്തിനിര്‍ത്തുന്ന ഒരു ഊര്‍ജ്ജമായി ആ സ്മരണകള്‍ നിലനില്‍ക്കുന്നു.
അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ ഒരു യുവാവ് എന്ന നിലയില്‍ നിന്നും സംസ്ഥാനത്തിന്റെ ഭരണനേതൃത്വം വരെ എത്തിയ അദ്ദേഹത്തിന്റെ ജീവിതയാത്ര, കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അതിജീവനത്തിന്റെ ചരിത്രം കൂടിയാണ്. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ ഉജ്ജ്വല പോരാട്ടങ്ങളില്‍ സഖാവിന് കിരാതമായ പോലീസ് മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. നീണ്ട ജയില്‍വാസവും ഒളിവുജീവിതവും ആ പോരാളിയിലെ കമ്മ്യൂണിസ്റ്റിനെ കൂടുതല്‍ കരുത്തനാക്കുകയാണ് ചെയ്തത്.
1964 ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐഎം രൂപീകരണത്തിന് നേതൃത്വം നല്‍കിയ മുപ്പത്തിരണ്ട് നേതാക്കളില്‍ ഒരാളായ അദ്ദേഹം, പതിറ്റാണ്ടുകളോളം പ്രസ്ഥാനത്തിന്റെ ആശയപരമായ അടിത്തറ കാത്തുസൂക്ഷിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. മതനിരപേക്ഷ കേരളത്തിന്റെ ശക്തനായ വക്താവായ വിഎസ്, ജനകീയ വിഷയങ്ങളില്‍ നിയമസഭയിലും തെരുവിലും ഒരേസമയം തീര്‍ത്ത പ്രതിരോധം കേരള ചരിത്രത്തിന്റെ ഭാഗമാണ്. നാടിന്റെ പൊതുസമ്പത്തും താല്പര്യങ്ങളും സംരക്ഷിക്കുന്നതില്‍ നിതാന്ത ജാഗ്രതയായിരുന്നു അദ്ദേഹം പുലര്‍ത്തിയത്. വനഭൂമിയും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഭാവി തലമുറയ്ക്ക് വേണ്ടിയുള്ളതായിരുന്നു.
ഭരണഘടനാ പദവികളില്‍ അദ്ദേഹം കാഴ്ചവെച്ച മാതൃകകള്‍ എക്കാലവും സ്മരിക്കപ്പെടുന്നതാണ്. പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ അദ്ദേഹം ഉയര്‍ത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ ഭരണസംവിധാനങ്ങളെപ്പോലും തിരുത്തിക്കാന്‍ പോന്നതായിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍, സമഗ്രമായ വികസനവും ജനക്ഷേമവും ഉറപ്പാക്കിക്കൊണ്ട് കേരളത്തെ കരുത്തോടെ നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
പ്രായം എന്ന ശാരീരികമായ പരിമിതിയെ സ്വന്തം ഇച്ഛാശക്തികൊണ്ടും കര്‍മ്മശേഷികൊണ്ടും മറികടന്ന ആ മഹത്തായ ജീവിതം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മാത്രമല്ല, ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഉജ്ജ്വലമായ അധ്യായമാണ്. വിഎസ് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കും അദ്ദേഹം നയിച്ച പോരാട്ടങ്ങള്‍ക്കും മരണമില്ല. സഖാവ് വിഎസിന്റെ മരിക്കാത്ത ഓര്‍മകള്‍ക്കു മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.







































































































































