ബി.എസ്.എൻ.എൽ സേവനങ്ങൾ മെച്ചപ്പെടുത്താൻ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് അഡ്വ.. ഡീൻ കുര്യാക്കോസ് എം.പി.യുടെ അടിയന്തിര ഇടപെടൽ

തൊടുപുഴ: ഇടുക്കി ജില്ലയിലെ ബി.എസ്.എൻ.എൽ നെറ്റ്‌വർക്ക് കവറേജും മറ്റ് അനുബന്ധ സേവനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരെയും പങ്കെപ്പിച്ചു കൊണ്ട് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ അടിയന്തിര അവലോകന യോഗം ചേർന്നു. ജില്ലയിലെ കണക്ടിവിറ്റി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായുള്ള ചർച്ചകളും തീരുമാനങ്ങളുമാണ് യോഗത്തിലുണ്ടായത്.
വിവിധ വാർഡുകളിൽ ബി.എസ്.എൻ.എൽ ശൃംഖല നേരിടുന്ന തടസ്സങ്ങളും പരാതികളും കണ്ടെത്തുന്നതിനൊപ്പം, പുതിയ മൊബൈൽ ടവറുകൾ അടിയന്തിരമായി സ്ഥാപിക്കേണ്ട പ്രദേശങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ തദ്ദേശ പ്രതിനിധികളിൽ നിന്നും നേരിട്ട് ശേഖരിക്കും. ഇതിനായി എം.പി മണ്ഡലത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലേക്കും മുൻസിപ്പാലിറ്റികളിലേക്കും പ്രത്യേകമായി കത്തയക്കും. മുൻസിപ്പാലിറ്റികളിൽ നെറ്റ്‌വർക്ക് കവറേജും ഫൈബർ കണക്ടിവിറ്റിയും വർദ്ധിപ്പിക്കാനും ഗ്രാമപ്രദേശങ്ങളിൽ ശൃംഖല കൂടുതൽ വ്യാപിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നെറ്റ്‌വർക്ക് കവറേജ് തീരെ ലഭ്യമല്ലാത്തതും ഭൂമിശാസ്ത്രപരമായി ഏറെ ദുഷ്കരവുമായ ആദിവാസി-പിന്നോക്ക മേഖലകളിലെ കണക്ടിവിറ്റി പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കും. ഇത്തരം പ്രദേശങ്ങളിൽ പുതിയ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന് പ്രത്യേക മുൻഗണന നൽകും. ഇടമലക്കുടി, മൂന്നാർ, ദേവികുളം, മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിൽ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധനകൾ നടത്തി പ്രശ്നപരിഹാര നിർദ്ദേശങ്ങൾ അടങ്ങിയ വിശദമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് എം.പി നിർദ്ദേശം നൽകി. യു.എസ്.ഒ.എഫ് ഫണ്ടുപയോഗിച്ച് ടവറുകൾ സ്ഥാപിക്കാൻ അനുമതി മുൻപ് ലഭിച്ചതും വനംവകുപ്പിന്റെയും തോട്ടങ്ങളുടെയും എൻ.ഒ.സി തുടങ്ങിയ വിവിധ അനുമതികൾ ലഭിക്കാത്തതു മൂലം മുടങ്ങിപ്പോയതുമായ എല്ലാ പ്രൊപ്പോസലുകളും പുനരുജ്ജീവിപ്പിക്കാൻ അടിയന്തിരമായി സർക്കാർ തലത്തിൽ ഇടപെടും. പുതിയതായി ടവറുകൾ അനുവദിക്കേണ്ട അപേക്ഷകൾ പരിശോധിച്ച് അടിയന്തിരമായി തുടർ നടപടി സ്വീകരിക്കും. മറ്റ് കമ്പനികളുടെ ടവറുകൾ വാടക അടിസ്ഥാനത്തിൽ ഉപയോഗിച്ച് ബിഎസ്എൻഎൽ ന്റെ സേവനം വിപുലീകരിക്കുന്നതിന് നടപടി സ്വീകരിക്കും.
ബി.എസ്.എൻ.എൽ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവൽകരിക്കുന്നതിനും, ബിഎസ്എൻഎൽ സേവനങ്ങളെക്കുറിച്ചും പുതിയ ഓഫറുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനുമായി വാർഡ് തല വാട്സാപ്പ് ഗ്രൂപ്പുകൾ പ്രയോജനപ്പെടുത്തും. വരാനിരിക്കുന്ന ഗ്രാമസഭകളിലും വാർഡ് സഭകളിലും ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി പുതിയ പദ്ധതികളെയും പരാതി പരിഹാരങ്ങളെയും കുറിച്ച് വിശദീകരിക്കും. സർക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച് ബി.എസ്.എൻ എലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് മുൻഗണന നൽകി വാടകയ്ക്ക് ലഭ്യമാക്കുന്നതിന് നടപടി വേഗത്തിലാക്കും.
യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടു ദിവസത്തിനകം തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഔദ്യോഗിക കത്തുകൾ അയക്കുമെന്ന് അറിയിച്ച എം.പി, ജനങ്ങൾക്ക് തടസ്സമില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാൻ ബി.എസ്.എൻ.എൽ പ്രതിജ്ഞാബദ്ധമായി മുന്നോട്ട് പോകണന്ന് ആവശ്യപ്പെട്ടു.







































































































































