ഹോർമുസിൽ ഇന്ത്യക്കാരൻ്റെ മരണം; ഇറാനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ, പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ മിസൈലാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തെ തുടർന്ന് ന്യൂഡൽഹിയിലെ ഇറാൻ ഡെപ്യൂട്ടി അംബാസഡർ മുഹമ്മദ് ജാവേദ് ഹൊസെയ്നിയെ വിളിച്ചുവരുത്തിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യയുടെ കടുത്ത അതൃപ്തിയും ആശങ്കയും അറിയിച്ചത്.
യുഎഇയുടെ ‘മൊംബാസ’, ‘അൽ ബാഹിയ’ എന്നീ എണ്ണക്കപ്പലുകൾക്ക് നേരെ ഒമാൻ കടൽത്തീരത്തുവെച്ചാണ് ഇറാന്റെ ക്രൂസ് മിസൈൽ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ ജീവനക്കാരൻ മരണപ്പെടുകയും മറ്റ് ആറ് ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജീവൻ നഷ്ടപ്പെട്ട നാവികന്റെ കുടുംബത്തെ അബുദാബിയിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി അനുശോചനം അറിയിച്ചു. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഇന്ത്യൻ നാവികർക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും അവർക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ നിലവിലെ ഉത്കണ്ഠാജനകമായ സാഹചര്യങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും എംബസിയും അതീവ ജാഗ്രതയോടെയാണ് നിരീക്ഷിച്ചുവരുന്നത്. പരിക്കേറ്റവർക്ക് മികച്ച പരിചരണം നൽകുന്നതിനും തുടർനടപടികൾക്കുമായി യുഎഇയിലെ പ്രാദേശിക ഭരണകൂടങ്ങളുമായും ബന്ധപ്പെട്ട ഏജൻസികളുമായും ചേർന്ന് ഇന്ത്യൻ എംബസി സജീവമായി പ്രവർത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതയിലെ സുരക്ഷ ഉറപ്പാക്കണമെന്നും സമാനമായ അക്രമങ്ങൾ ആവർത്തിക്കരുതെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യ നയതന്ത്രതലത്തിൽ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്.







































































































































