ഭക്ഷ്യോത്പാദക വിതരണ മേഖലയിലെ 618 സ്ഥാപനങ്ങളില്‍ പരിശോധന; 250500 രൂപ പിഴയീടാക്കി

2026 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുളള കാലയളവില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഭക്ഷ്യോത്പാദക വിതരണ മേഖലയിലുള്ള സ്ഥാപനങ്ങളില്‍ 618 പരിശോധനകള്‍ നടത്തി. പിഴവുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ നിന്ന് 250500 രൂപ പിഴ ഈടാക്കി. 195 സ്റ്റ്യാറ്റൂട്ടറി സാമ്പിളുകളും 304 സര്‍വേയലന്‍സ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. സാമ്പിളുകളുടെ പരിശോധനകളില്‍ 13 എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ലഘുവായ ന്യുനതകള്‍ പരിഹരിക്കുന്നതിന് 149 സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടീസ് നല്‍കി. 18 സ്ഥാപനങ്ങള്‍ക്ക് സേവനം മെച്ചപ്പെടുത്തുന്നതിനുള്ള നോട്ടീസും നല്‍കി. ഈ കാലയളവില്‍ മൊബൈല്‍ ഫുഡ് ലാബില്‍ 1186 പരിശോധനകള്‍ നടത്തി. 91 പരാതികളില്‍ 90 എണ്ണം തീര്‍പ്പാക്കി. 5 പ്രോസിക്യൂഷന്‍ കേസുകള്‍ ഫയല്‍ ചെയ്തു.
തൊടുപുഴ സര്‍ക്കിളില്‍ ലേബല്‍ വിവരങ്ങളില്ലാത്ത വെളിച്ചെണ്ണ വില്‍പ്പന നടത്തിയതിന് ഉത്പാദകരായ കോനൂസ് അഗ്രോ ഓയില്‍ മില്‍, തൃശൂര്‍ എന്ന സ്ഥാപനത്തിന് 10000 രൂപയും ചില്ലറവില്‍പ്പന നടത്തിയ കൊച്ചേരിയില്‍ ഏജന്‍സീസ് കുമാരമംഗലം എന്ന സ്ഥാപനത്തിന് 5000 രൂപയും ഇടുക്കി ആര്‍.ഡി.ഓ പിഴ ചുമത്തി.
ഗുണനിലാരം കുറഞ്ഞ സിന്തറ്റിക് വിനഗര്‍ വില്‍പ്പന നടത്തിയതിന് ഉത്പാദകരായ യുഎംഎസ് എന്റര്‍പ്രൈസസ്, തേക്കുമാരി, പാലക്കാട് എന്ന സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി.
പീരുമേട് സര്‍ക്കിളില്‍ നിശ്ചിതഗുണനിലവാരം ഇല്ലാത്ത സിന്തറ്റിക് വിനഗര്‍ വില്‍പ്പന നടത്തിയതിന് ഉത്പാദകരായ മരോട്ടിക്കല്‍ ട്രേഡേഴ്‌സ്, കുഴിവേലിപ്പടി, ആലുവ എന്ന സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി. നിശ്ചിതഗുണനിലവാരം ഇല്ലാത്ത പപ്പടം വില്‍പ്പന നടത്തിയതിന് ഉത്പാദകരായ അനകുമാര്‍ മാനുഫാക്ചറിംഗ്, മധുര എന്ന സ്ഥാപനത്തിന് 15000 രൂപയും ചില്ലറവില്‍പ്പന നടത്തിയ അറഫ ട്രേഡിംഗ് കമ്പനി, കുമളി എന്ന സ്ഥാപനത്തിന് 10000 രൂപയും പിഴ ചുമത്തി. ലേബല്‍ വിവരങ്ങള്‍ ഇല്ലാതെ കേക്ക് വില്‍പ്പന നടത്തിയതിന് ലിറ്റില്‍ ട്രെഡ്‌സ് കേക്ക് ഷോപ്പ്, വണ്ടിപ്പെരിയാര്‍ എന്ന സ്ഥാപനത്തിന് 2500 രൂപ പിഴ ചുമത്തി.
ദേവികുളം സര്‍ക്കിളില്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിനും, മത്സ്യ അവശിഷ്ടം നിയമപ്രകാരം സംസ്‌ക്കരിക്കാത്തതിനും കളരിക്കല്‍ ഫിഷറീസ് അടിമാലി എന്ന സ്ഥാപനത്തിന് ദേവികുളം ആര്‍.ഡി.ഒ 10000 രൂപ പിഴ ചുമത്തി. ഉടുമ്പന്‍ചോല സര്‍ക്കിളില്‍ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിന് കല്ലാര്‍ സ്വീറ്റ്‌സ്, പാമ്പാടുംപാറ എന്ന സ്ഥാപനത്തിന് 25000 രൂപ പിഴ ചുമത്തി. രാജകുമാരി പഞ്ചായത്തിലെ ക്വീന്‍സ് കാറ്ററിംഗ്, രാജകുമാരി എന്ന സ്ഥാപനത്തിന് സാധുവായ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിനും, പരിശോധനയില്‍ കണ്ടെത്തിയ മറ്റ് വീഴ്ചകള്‍ക്കും അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി.
കൃത്രിമ കളര്‍ ചേര്‍ന്ന ചിപ്സ് ഉണ്ടാക്കി വില്‍പ്പന നടത്തിയ മഹാറാണി മെഗാമാര്‍ട്ട് തൊടുപുഴ, കൃത്രിമ കളര്‍ ചേര്‍ന്ന കേക്ക് വില്‍പ്പന നടത്തിയ എയ്ഞ്ചല്‍ ബേക്കറി, മുതലക്കോടം, അധിക അളവില്‍ പ്രസര്‍വേറ്റീവുകള്‍ ചേര്‍ത്ത പ്ലം കേക്ക് തയ്യാറാക്കി വില്‍പ്പന നടത്തിയ ഇന്ത്യന്‍ ബേക്കറി, കാഞ്ഞിരമറ്റം എന്നീ സ്ഥാപനങ്ങള്‍ക്ക് മുട്ടം സിജെഎം കോടതി 10000 രൂപ വീതം പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചു.
ബനാനാ ചിപസില്‍ കൃത്രിമ കളര്‍ ചേര്‍ത്ത് വില്‍പ്പന നടത്തിയ സപൂണ്‍ ബേക്കറി, അടിമാലി എന്ന സ്ഥാപനത്തിന് അടിമാലി ജെഎഫ്‌സിഎം കോടതി 25000 രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചു. റ്റീ റസ്‌കില്‍ കൃത്രിമ കളര്‍ ചേര്‍ത്ത് വില്‍പ്പന നടത്തിയ ഡീന്‍ ബേക്കറി, മൂന്നാര്‍ എന്ന സ്ഥാപനത്തിന് 20000 രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചു. ചിക്കന്‍ കറിയില്‍ കൃത്രിമ കളര്‍ ചേര്‍ത്ത് വില്‍പ്പന നടത്തിയ സഫയര്‍ ഹോട്ടല്‍ ആന്റ് റസ്റ്ററസ്റ്റ്, അടിമാലി എന്ന സ്ഥാപനത്തിന് എന്ന 15000. രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചു. ബനാനാ ചിപ്സില്‍ കൃത്രിമ കളര്‍ ചേര്‍ത്ത് വില്‍പ്പന നടത്തിയ കേരള കാഷ്യൂ സ്‌പൈസസ് ചിപ്‌സ് ആന്റ് ഹല്‍വ എന്ന സ്ഥാപനത്തിന് പീരുമേട് ജെഎഫ്‌സിഎം കോടതി 25000 രൂപ പിഴയും കോടതി പിരിയുന്നതു വരെ തടവും വിധിച്ചു. അമിതമായി അളവില്‍ കീടനാശിനി കലര്‍ന്ന വറ്റല്‍ മുളകില്‍ വില്‍പ്പന നടത്തിയ ലിറ്റി സ്‌പൈസസ്, വണ്ടിപ്പെരിയാര്‍ എന്ന സ്ഥാപനത്തിന് 50000 രൂപ പിഴയും വിതരണക്കാരന്‍ രാജ ദുരൈ, വണ്ടിപ്പെരിയാര്‍ എന്നയാള്‍ക്ക് 25000 രൂപ പിഴയും വിധിച്ചു.
*ജലജന്യരോഗങ്ങളുടെ വ്യാപനം തടയാന്‍ നടപടി*
ഷിഗല്ല തുടങ്ങിയ ഭക്ഷ്യജന്യരോഗങ്ങളുടെ വ്യാപനം തടയുന്നതിനും വിവിധ ഭക്ഷണശാലകളിലെ ഭക്ഷണത്തിന്റെയും ജലത്തിന്റേയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമായി മെയ് 28 മുതല്‍ ജൂണ്‍ 14 വരെ തുടര്‍ച്ചയായി പ്രത്യേക പരിശോധനകള്‍ നടത്തി. 251 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ കണ്ടെത്തിയ ചെറിയ ന്യൂനതകള്‍ക്ക് 56 സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടിസും ഗുരുതര വീഴ്ചകള്‍ക്ക് 43 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 7 സ്ഥാപനങ്ങള്‍ക്ക് സേവനം മെച്ചപ്പെടുത്താനുള്ള നോട്ടീസും നല്‍കി. വെള്ളം, ജൂസ് മുതലായവയുടെ 15 സാമ്പിളുകള്‍ പരിശോധിച്ചു.
പഴയരിക്കണ്ടം സര്‍ക്കാര്‍ സ്‌കൂളില്‍ ഷിഗല്ല റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്നുള്ള സംയുക്ത പരിശോധനയില്‍ മുട്ട പുഴുങ്ങുന്നുതും തണുപ്പിക്കുന്നതും നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തി. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ മറ്റ് സ്‌കൂളുകള്‍ക്കും നിര്‍ദേശം നല്‍കി.
ഭക്ഷണത്തിലൂടെയും, കുടിവെള്ളത്തിലൂടെയും പകരുന്ന മഴക്കാലജന്യരോഗങ്ങള്‍ ഒഴിവാക്കുന്നതിനും വ്യാപനം തടയുന്നതിനുമായി പ്രത്യേക പരിശോധന നടത്തുന്നുണ്ട്. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവരെ കണ്ടെത്തി സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചുവരുന്നു.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഭക്ഷ്യഉപദേശക സമിതി യോഗത്തില്‍ ഡി വൈ എസ് പി ജോയ് മാത്യു, ഡി.എം.ഒ, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഡോ. സുമിന്‍ ജോസ്, അസിസ്റ്റന്റ് കമ്മീഷണര്‍ ബൈജു പി. ജോസഫ്, സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



























































































































